'ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; ആരോഗ്യ മന്ത്രി വീണാ ജോർജ് ... #Health_Care
By
News Desk
on
മേയ് 18, 2024
പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പൊതുജലസ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ഉത്തരവാദപ്പെട്ടവർ ക്ലോറിനേഷൻ നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്തം പടർന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുൻവർഷത്തേക്കാൾ പനി കുറവാണെന്നും മന്ത്രി പറഞ്ഞു.
ജനുവരി മാസത്തിൽ തന്നെ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രത കലണ്ടർ പുറത്തിറക്കിയിരുന്നു. ആരോഗ്യവകുപ്പ് ഓരോ ഘട്ടത്തിലും ഇക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജാഗ്രത കൈവിടരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.