വിഷം ഉള്ളിൽച്ചെന്ന് നവവധു മരിച്ച സംഭവം : ഭർത്താവും ഭർതൃമാതാവും റിമാൻഡിൽ .... #Crime_News



ആലക്കോട്: ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലെത്തിയ നവവധു വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽന(23)യാണ് മരിച്ചത്. പരിയാരത്തെ കളത്തിൽപറമ്പിൽ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റുചെയ്‌തത്.

ഒരാഴ്ച‌ മുൻപാണ് ഡെൽന ആസ്പത്രിയിലായത്. ശനിയാഴ്ചയായിരുന്നു മരണം. ഡെൽനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. 

ഗാർഹികപീഡനം, സ്ത്രീധനപീഡനം എന്നിവയുടെ പേരിലാണ് കേസെടുത്തത്.

നാലുമാസം മുൻപായിരുന്നു വിവാഹം. 80 പവൻ സ്വർണം ആവശ്യപ്പെട്ട് ഡെൽനയെ സ്വന്തം വീട്ടിൽ പോകാൻ നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെൽന ജീവനൊടുക്കിയെന്നുമാണ് മാതാപിതാക്കളുടെ പരാതി.

വിഷം കഴിച്ച ശേഷം ഡെൽന കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു.

കോഴിക്കോട്ടെ ആസ്‌പത്രിയിൽ ചികിത്സയിലിരിക്കേ കുന്ദമംഗലം മജിസ്ട്രേറ്റ് ഡെൽനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പലപ്പോഴായി പോലീസ് ഡെൽനയുടെ വീട്ടുകാരിൽനിന്ന് വിശദമായ മൊഴിയെടുത്തിരുന്നു.

ഇതിനെത്തുടർന്ന് സനൂപിനും സോളിക്കുമെതിരേ നേരത്തേ കേസെടുത്തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. ഡെൽന മരിച്ചശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുകയായിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമാദിൻ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0