ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് : ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി, എലിപ്പനി സാധ്യതകള്‍ ശ്രദ്ധിക്കണം -.... #Health_Alert


കണ്ണൂർ : ജില്ലയില്‍ ഇടവിട്ടുള്ള മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കുള്ള സാധ്യതകള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ചിരട്ട, മുട്ടത്തോട്, വിറകുകള്‍ മൂടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകള്‍, വീടുകള്‍ക്ക് അകത്തുള്ള മണി പ്ലാന്റ് തുടങ്ങിയ ഇന്‍ഡോര്‍ ചെടികളിലെയും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പൊതുവെ മുട്ടയിട്ട് വളരുന്നത്.
 


മുട്ടയിട്ടു കഴിഞ്ഞാല്‍ ഏഴു മുതല്‍ മുതല്‍ 10 ദിവസം വരെ കൊണ്ട് ലാര്‍വ വിരിഞ്ഞ് പുതിയ കൊതുകുകള്‍ പുറത്തുവരും.
അതിനാല്‍ വീടുകളിലെയും മറ്റു പരിസരങ്ങളിലും ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകള്‍ മഴക്ക് ശേഷം നീക്കം ചെയ്യണം.

ഇത്തരത്തില്‍ ഉള്ള ഉറവിട നശീകരണം നടത്തുന്നതിനായി ആഴ്ചയില്‍ ഒന്നു വീതം ഡ്രൈഡേ ആചരിക്കണം.
ഡ്രൈ ഡേ ആചരിക്കേണ്ടത് - വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ - വെള്ളിയാഴ്ച. ഓഫീസ്, കടകള്‍ മറ്റു സ്ഥാപനങ്ങള്‍ - ശനിയാഴ്ച, വീടുകളില്‍ - ഞായറാഴ്ച.
അതുപോലെതന്നെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിയുടെ മൂത്രം കലര്‍ന്നാണ് എലിപ്പനി പടരുന്നത്. 

ആയതിനാല്‍ കാലില്‍ മുറിവ്, വിണ്ടു കീറിയ കാല്‍പാദങ്ങള്‍ എന്നിവ ഉള്ളവര്‍ കെട്ടിക്കിടക്കുന്ന മലിന ജലവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഇല്ല എന്ന് ഉറപ്പുവരുത്തണം . തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയവര്‍ കെട്ടിക്കിടക്കുന്ന മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ളവര്‍ ആയതിനാല്‍ അവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്‌സി സൈക്ലിന്‍ പ്രതിരോധ ഗുളിക ആഴ്ചതോറും കഴിക്കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
MALAYORAM NEWS is licensed under CC BY 4.0