ടെക് ലോകത്ത് നിന്നും ഒരു ഞെട്ടിക്കുന്ന വാര്‍ത്തയുമായി ഫോബ്സ് ഇന്ത്യ, ഇലക്ട്രോണിക്‌സ് ഗാഡ്‌ജെറ്റ് നിർമ്മാതാക്കളായ ബോട്ട് ലൈഫ് സ്‌റ്റൈലിൻ്റെ 75 ലക്ഷം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോർന്നതായി റിപ്പോര്‍ട്ട്. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ വിറ്റഴിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. ഏകദേശം 2 ജിബി ഡാറ്റയാണ് ചോർന്നത്. വിൽപ്പനയ്ക്കുള്ള വിവരങ്ങളിൽ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി, കസ്റ്റമർ ഐഡി എന്നിവ ഉൾപ്പെടുന്നു. ഡാറ്റാ ചോർച്ചകൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും ഉപഭോക്താക്കൾ ഇരയായേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നു. ഏപ്രിൽ അഞ്ചിനാണ് വിവരങ്ങൾ ചോർന്നത്.
'ഷോപ്പിഫൈ ഗയ്' എന്നറിയപ്പെടുന്ന ഒരു ഹാക്കറാണ് ഡാറ്റ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചത്. അത്തരം ഡാറ്റ ഉപയോഗിച്ച്, ബാങ്കിംഗ് തട്ടിപ്പുകാരും മാർക്കറ്റിംഗ് കമ്പനികളും ഫോണിലൂടെയും ഇ-മെയിലിലൂടെയും ആളുകളെ ബന്ധപ്പെടുന്നു.
സാമ്പത്തിക തട്ടിപ്പ്, ഫിഷിംഗ് തട്ടിപ്പുകൾ, ഐഡൻ്റിറ്റി മോഷണം തുടങ്ങിയ ഭീഷണികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ചോർച്ചയെക്കുറിച്ച് ബോട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2016-ൽ ആരംഭിച്ച ബോട്ട് ലൈഫ്‌സ്‌റ്റൈൽ പേഴ്‌സണൽ ഇലക്ട്രോണിക്‌സ് ഗാഡ്‌ജെറ്റുകളിൽ ഏറ്റവും ജനപ്രിയമായി. അമൻ ഗുപ്തയും സമീർ മേത്തയും ചേർന്നാണ് കമ്പനി ആരംഭിച്ചത്.