ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 03 ഏപ്രിൽ 2024 #NewsHeadlines

• ടിക്കറ്റ് ചോദിച്ച ടി ടി ഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിലാണ് സംഭവം. ടി ടി ഇ കെ വിനോദാണ് മരിച്ചത്. ടിക്കറ്റ് ചോദിച്ചതുമായ ബന്ധപ്പെട്ട തർക്കമാണ് കാരണം. സംഭവത്തിൽ ഒഡീഷ സ്വദേശിയും ഭിന്ന ശേഷിക്കാരനുമായ രജനികാന്ത് പൊലീസ് പിടിയിൽ.

• ദില്ലി മദ്യനയ അഴിമതി കേസില്‍ എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആറു മാസത്തിനുശേഷമാണ് കേസിൽ സഞ്ജയ് സിങ്ങിന് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്.

• ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി ആരോപിക്കുന്ന കള്ളപ്പണം എവിടെയെന്ന് സുപ്രീം കോടതി. കേസില്‍ അറസ്റ്റിലായ എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് അന്വേഷണ ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണം ബെഞ്ച് നടത്തിയത്.

• വിവാദ ഇലക്ടറല്‍ ബോണ്ടിന്റെ വിശദവിവരം വീണ്ടും മറച്ചുപിടിച്ച് ബോണ്ട് വില്പനക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബോണ്ട് വില്പന സംബന്ധിച്ച മാനദണ്ഡം (സ്റ്റാന്‍ഡേര്‍ഡ് ഓഫ് ഓപ്പറേഷന്‍-എസ്ഒപി) ലഭ്യമാക്കില്ലെന്ന് എസ്ബിഐ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കി.

• ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇത് മൂന്നാം തോൽവിയാണ്. ലക്‌നൗ സൂപ്പർ ജയന്റ്സിനോട് 28 റൺസിനാണ് ആർസിബി തോറ്റത്. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 153 റൺസിന് ഓൾ ഔട്ടായി.

• സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.