ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 02 ഏപ്രിൽ 2024 #NewsHeadlines

• ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലിലെത്തിച്ചു. തിഹാറിലെ രണ്ടാം നമ്പര്‍ മുറിയിലാകും കെജ്‌രിവാളിനെ പാര്‍പ്പിക്കുക. അതേസമയം ജയിലിന് പുറത്ത് പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകരെത്തി.

• കൊല്ലത്തും പാലക്കാടും ചൂട് കനക്കുന്നു. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആലപ്പുഴ, പത്തനംത്തിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 37 വരേയും താപനില ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇത് സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ കൂടുതലാണ്.

• കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹർജി  അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്. കേരളത്തിന്റെ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമില്ല. വിശദമായി പരിശോധിക്കണമെന്ന് സുപ്രീം കോടതി രണ്ടംഗ ബഞ്ച് ഉത്തരവിട്ടു.

• സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്ക്‌ പൂട്ടിടാൻ സംസ്ഥാനത്ത്‌ പൊലീസിന്റെ നേതൃത്വത്തിലുള്ള ‘സൈ ഹണ്ട്‌’ ഡ്രൈവിൽ പിടിയിലായത്‌ 187 പേർ. സൈബർ പൊലീസ്‌ പട്ടികയിലുള്ള ഇരുനൂറിലധികം കുറ്റവാളികളെ ജില്ലാ പൊലീസ്‌ മേധാവികളുടെ നേതൃത്വത്തിലാണ്‌ വലയിലാക്കുന്നത്‌.

• കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിൽ നിന്ന് നികുതികുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീകോടതിയെ അറിയിച്ചു, ആദായ നികുതി വകുപ്പിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെര‍ഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

• ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഘട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എണ്ണുന്നതിനൊപ്പം തന്നെ മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

• ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി. ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് മുംബൈയെ പരാജയപ്പെടുത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം 27 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു.