നിങ്ങളുടെ ലൈസൻസ് കാലാവധി എത്ര നാൾ ഉണ്ട് ? എങ്ങിനെ പുതുക്കും ? ഓരോ വാഹനങ്ങൾക്കും ഉള്ള ലൈസൻസിലെ വ്യത്യാസം എന്തൊക്കെയാണ് ? എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഇവിടെയുണ്ട്.. #DrivingLicense

ഡ്രൈവിംഗ് ലൈസൻസിൻ്റെ കാലാവധി എത്രയാണ് ? പലർക്കും ആശയക്കുഴപ്പം ആയിരിക്കും.  ഇതൊന്നും ഓർക്കാതെ ചിലപ്പോഴൊക്കെ ചെക്കിങ്ങിനിടെ മാത്രമായിരിക്കും ലൈസൻസ് പുതുക്കാനുള്ള സമയം അതിക്രമിച്ചതായി നാം മനസ്സിലാക്കുന്നത്.  ഇത് ഒഴിവാക്കുവാൻ നിങ്ങളുടെ ലൈസൻസുകൾ ശരിയായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.  എന്നാൽ അതിൻ്റെ കാലാവധി കൃത്യമായി എങ്ങനെ അറിയും?  ഇതിനുള്ള ഉത്തരമാണ് ഇപ്പോൾ മോട്ടോർ വാഹനവകുപ്പ് നൽകിയിരിക്കുന്നത്.

 ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി ഇക്കാര്യം അറിയിച്ചത്.  ലൈസൻസ് കാലയളവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും മാറ്റുന്ന പോസ്റ്റ് അവർ ഷെയർ ചെയ്തിട്ടുണ്ട്.  2019 സെപ്തംബർ 1-ന് മുമ്പ് ലൈസൻസ് എടുക്കുകയോ പുതുക്കുകയോ ചെയ്തവർക്കുള്ള നിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും സാധാരണഗതിയിൽ ലൈസൻസിന്റെ കാലാവധി. 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു. ഹെവി ലൈസൻസിന് 3 വർഷം ആയിരുന്നു കാലാവധി നിശ്ചയിച്ചത്. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണം. ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണം.

ഇനി 2019 സെപ്റ്റംബർ 1ന് ശേഷമാണ് നിങ്ങൾ ലൈസൻസ് എടുത്തെങ്കിൽ 30 വയസിനുള്ളിലാണ് എടുക്കുന്നതെങ്കിൽ 40 വയസ് വരെയാണ് കാലാവധി. 30നും 50നും ഇടയിൽ പ്രായമായവർക്ക് 10 വർഷത്തേക്ക് ആണ് ലൈസൻസിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 50നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസ് വരെയാണ്. 55 വയസിനു മുകളിൽ 5 വർഷം വീതമാണ് കാലാവധി. ഹെവി ലൈസൻസ് കാലാവധി 5 വർഷമാണ് പിന്നീട് ഓരോ 5 വർഷവും പുതുക്കണമെന്നും എംവിഡി ചൂണ്ടിക്കാണിക്കുന്നു.


എംവിഡിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി.......

2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : -
20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി.

50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.

ഹെവി ലൈസൻസ് (Trans) - 3 വർഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.

ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റംബർ 1ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : -
30 വയസിനുള്ളിൽ എടുത്താൽ- 40 വയസു വരെ കാലാവധി .

30നും50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.

50നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസ് വരെ.

55 വയസിനു മുകളിൽ 5 വർഷം വീതം.

ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം. പിന്നീട് ഓരോ 5 വർഷവും പുതുക്കണം.

ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം

എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി പരിശോധിക്കുമല്ലോ?