വരുന്നൂ, ഇന്ത്യയുടെ ടാറ്റാ ഐഫോൺ.. #iPhoneFromTATAGroup

ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു.  ഐഫോൺ അസംബിൾ ചെയ്യുന്ന കർണാടകയിലെ വിസ്‌ട്രോൺ കോർപ്പറേഷൻ ഫാക്ടറി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് ടാറ്റ.

  ഇത് സംബന്ധിച്ച കരാറിൽ ടാറ്റ ഉടൻ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.  നിലവിൽ, ഐഫോൺ 14 മോഡൽ തായ്‌വാൻ കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷന്റെ ഫാക്ടറിയിലാണ് അസംബിൾ ചെയ്യുന്നത്.  10,000-ത്തിലധികം ജീവനക്കാരുള്ള ഈ ഫാക്ടറിക്ക് ഏകദേശം 600 മില്യൺ ഡോളറിന്റെ മൂല്യമുണ്ട്.  ഏകദേശം 60 കോടി രൂപയായിരിക്കും വിസ്‌ട്രോണുമായുള്ള ടാറ്റയുടെ കരാർ.  ടാറ്റ ഐഫോൺ നിർമ്മിക്കുന്നത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ തോതിൽ ഗുണം ചെയ്യും.

  കയറ്റുമതി വർദ്ധിക്കും

  ഈ സാമ്പത്തിക വർഷാവസാനത്തോടെ 1.8 ബില്യൺ ഡോളറിന്റെ ഐഫോണുകൾ കയറ്റുമതി ചെയ്യാനാണ് വിസ്‌ട്രോൺ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.  ഫാക്ടറിയിലെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതിയുണ്ട്.  ഈ ഫാക്ടറി ടാറ്റ ഏറ്റെടുക്കുന്നതോടെ ഇന്ത്യയിലെ ഐഫോൺ നിർമാണ പ്രവർത്തനങ്ങൾ ടാറ്റയുടെ കീഴിലാകും.  ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കുന്ന ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ ടാറ്റ ഗ്രൂപ്പിന് നിർമ്മിക്കാനാകുമെന്ന് ട്രെൻഡ്ഫോഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

  ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ

  ടാറ്റ ഗ്രൂപ്പ് ആപ്പിളുമായി കൈകോർക്കുന്നത് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും.  ഐഫോണിന്റെ ലോഞ്ചിൽ തന്നെ അവ സ്വന്തമാക്കാൻ അവസരമുണ്ടാകും.  എല്ലാ വർഷവും ആപ്പിളിന്റെ തലസ്ഥാനമായ കാലിഫോർണിയയിൽ ഒരു പുതിയ ഐഫോൺ അവതരിപ്പിക്കുന്നു.  ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.  ടാറ്റ ഗ്രൂപ്പ് നിർമാണം ഏറ്റെടുത്തതോടെ കാലതാമസം ഒഴിവാകും.  മാത്രമല്ല, ഐഫോണിന്റെ വില കുറയുന്ന സാഹചര്യവും ഉണ്ടാകും.  ഐഫോണിന്റെ നിർമ്മാണ രംഗത്തേക്കുള്ള കടന്നുവരവോടെ ഇലക്ട്രോണിക്സ് മേഖലയിലും ടാറ്റ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്.