തിരുവനന്തപുരം: രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ചികിത്സ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മമൽ ആശുപത്രിയിലെ ഡോക്ടർ അരുൺ വാരിയർ. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നൽകി. നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് നേരിയ പൾസ് ഉണ്ടായിരുന്നതായി ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, മമൽ ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് കുട്ടിയുടെ കുടുംബം.
ഐഷ ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കും. നെയ്യാർ മെഡിസിറ്റിയിൽ നിന്ന് മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശി സിദ്ദിഖിൻ്റെ മകൾ രണ്ടര വയസുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്.
സംഭവത്തിൽ കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിക്ക് ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു.
ഇഞ്ചക്ഷൻ എടുത്ത ശേഷം കുട്ടിയുടെ നില വഷളായതാണ് കുടുംബത്തിൻ്റെ പരാതിയിൽ പറയുന്നത്. കുട്ടിയെ ആംബുലൻസിൽ ഉടൻ തന്നെ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കളെ ആംബുലൻസിൽ കയറുന്നതിൽ നിന്ന് ആശുപത്രി ജീവനക്കാർ ആദ്യം തടഞ്ഞതായും കുട്ടിയുടെ പിതാവ് പറഞ്ഞു.
Aysha Fathima death case dr arun warrier of mamal hospital says there was no medica negligence

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.