വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചു. തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ പോക്സോ കേസിൽ കുറ്റക്കാരൻ തന്നെയെന്ന് കോടതി. #MonsonMavungaPOCSOCase

പോക്‌സോ കേസിൽ മോൺസൺ മാവുങ്കൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.  എറണാകുളം പോക്‌സോ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതിയുടെ വിധി.  2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
  വേലക്കാരിയുടെ മകളെ തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.  പെൺകുട്ടിക്ക് പതിനേഴു വയസ്സുള്ളപ്പോഴായിരുന്നു സംഭവം.  ഒന്നിലധികം തവണ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.  കലൂരിലെ വീടിന് പുറമെ കൊച്ചിയിലെ തന്നെ മറ്റൊരു വീട്ടിൽ വച്ചും പീഡിപ്പിച്ചു.
  2021ൽ പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൺ അറസ്റ്റിലായതിന് പിന്നാലെ പെൺകുട്ടിയുടെ അമ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.  മോൺസണിനെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു.  എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് കേസ് പരിഗണിക്കുന്നത്.