പത്ര വാർത്തകൾ ഒറ്റ നോട്ടത്തിൽ 28 ജൂൺ 2023 | #News_Highlights #Short_News

● പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ശക്തമായ തുടര്‍പ്രവര്‍ത്തനം പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളിലും സംസ്ഥാന തലത്തിലും അവലോകനം നടത്തി കൃത്യമായ നടപടികള്‍ സ്വീകരിക്കണം. ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉപയോഗപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം.

● സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുമാണ് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് കാരണം.

● ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ പൊലീസ് മേധാവി . 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്.

● നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗ്ഗീസ്. ടി.എസ്.രാജു അന്തരിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാര്‍ത്ത ഷെയർ ചെയ്തതിനാണ് അജു വർ​​ഗീസ് മാപ്പ് ചോദിച്ചത്. താൻ കാണിച്ചത് വലിയ അബദ്ധമാണെന്നും വ്യാജ വാര്‍ത്ത ഷെയർ ചെയ്തത് തെറ്റായിപ്പോയെന്നും അജു വർഗ്ഗീസ് ടി.എസ്.രാജുവിനോട് പറഞ്ഞു.

● തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.

● ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ബുധനും വ്യാ‍ഴവും പൊതു അവധി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് ബുധനാഴ്ച നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ വ്യാഴാഴ്ച ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് മറ്റന്നാള്‍ കൂടി അവധി പ്രഖ്യാപിച്ചത്.

● നാഗാലാൻഡിൽനിന്ന്‌ മണിപ്പുരിലേക്ക്‌ തോക്കുകളും സ്‌ഫോടകവസ്‌തുക്കളുമായി വന്ന വാഹനം സുരക്ഷാഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസം റൈഫിൾസും നാഗാലാൻഡ്‌ പൊലീസും സംയുക്തമായാണ്‌ നീക്കം നടത്തിയത്‌. മണിപ്പുരിൽ നൂറുകണക്കിന്‌ ചെക്ക്‌പോസ്റ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്‌.

● പെറ്റ് ഷോപ്പുകൾക്ക്‌ നവംബർ ഒന്നുമുതൽ ലൈസൻസ്‌ നിർബന്ധമാക്കുമെന്ന്‌ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വളർത്തുനായ്ക്കൾക്ക്‌ ലൈസൻസും നായപരിപാലന ചട്ടങ്ങളും നിർബന്ധമാക്കും. എബിസി ചട്ടങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. മൃഗക്ഷേമ ബോർഡ്‌ യോഗശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

● ബഹിരാകാശമേഖലയിൽ ശ്രദ്ധേയമായ നേട്ടവുമായി യുഎസിന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ(ഐഎസ്‌എസ്‌) ബഹിരാകാശ യാത്രികരുടെ മൂത്രത്തിന്റെയും വിയർപ്പിന്റെയും 98 ശതമാനവും കുടിവെള്ളമാക്കിമാറ്റാനായെന്ന് നാസ അറിയിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അടക്കം സുദീര്‍ഘ ബഹിരാകാശദൗത്യങ്ങളില്‍ വന്‍മാറ്റം കൊണ്ടുവരുന്ന കണ്ടുപടിത്തമാണിത്. കൂടുതൽ സമയം ബഹിരാകാശത്ത്‌ ചെലവഴിക്കേണ്ട ദൗത്യങ്ങൾക്ക്‌ പുറപ്പെടുന്ന സമയത്ത്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ്‌ ഇതോടെ കുറയ്ക്കാൻ കഴിയും.

● രണ്ടുഗ്രാംമുതലുള്ള സ്വർണാഭരണങ്ങളുടെ വിൽപ്പനയ്‌ക്ക്‌ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി (ബിഐഎസ്‌)ന്റെ ഹാൾമാർക്ക് യുണിക്‌ ഐഡന്റിഫിക്കേഷൻ (എച്ച്‌യുഐഡി) ജൂലൈ ഒന്നുമുതൽ നിർബന്ധം. ഏപ്രിൽ ഒന്നുമുതൽ ഈ പരിഷ്‌കാരം നടപ്പാകേണ്ടതായിരുന്നു. വ്യാപാരികളുടെ ആവശ്യപ്രകാരമാണ്‌ ഇത്‌ നടപ്പാക്കുന്നത്‌ മൂന്നുമാസത്തേക്ക്‌ നീട്ടിയത്‌. ജൂലൈ ഒന്നുമുതൽ ആറക്ക ബിഐഎസ്‌ ഹാൾമാർക്കില്ലാത്ത സ്വർണത്തിന്റെ വിൽപ്പന കടുത്തശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാകും.

● സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022–23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രസഭ അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2023 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക.

Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News