വിവാഹ ദിവസം വധുവിന്റെ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. #CrimeNews

തിരുവനന്തപുരം: വിവാഹദിനത്തിൽ വർക്കല വടശേരിക്കോണത്ത് വധുവിന്റെ പിതാവ് മർദനമേറ്റ് മരിച്ചു.  വധുവിനെ അന്വേഷിച്ചെത്തിയ അക്രമികളാണ് പിതാവിനെ കൊലപ്പെടുത്തിയത്.  വടശേരിക്കോണം സ്വദേശി രാജു (61) ആണ് മരിച്ചത്.
 രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ചർച്ച ചെയ്യാൻ കേസിലെ മുഖ്യപ്രതി ജിഷ്ണുവിന്റെ കുടുംബം നേരത്തെ എത്തിയിരുന്നു.  എന്നാൽ രാജുവും കുടുംബവും ഇതിനോട് യോജിച്ചില്ല. തുടർന്ന് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു.  വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു.

 ചൊവ്വാഴ്ച രാത്രി വിവാഹത്തിന് മുന്നോടിയായുള്ള സൽക്കാരം കഴിഞ്ഞ് അയൽവാസികളെല്ലാം പോയി, ബന്ധുക്കൾ മാത്രം ഉണ്ടായിരുന്ന സമയത്താണ് അക്രമികൾ എത്തിയത്.  ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവർ വീട്ടിലെത്തി.  ശ്രീലക്ഷ്മിയെയാണ് ഇവർ ആദ്യം ആക്രമിച്ചത്.  നിലത്തുവീണ മകളെ രക്ഷിക്കാൻ പിതാവ് രാജു ശ്രമിച്ചപ്പോൾ ആക്രമിക്കപ്പെട്ടു. വിവാഹാഭ്യർത്ഥന നിരസിച്ചപ്പോൾ പ്രതികൾ  ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.