ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 25 ജൂൺ 2023 | #Short_News #News_Highlights

● ആദ്യ ആഭ്യന്തര അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 48 വയസ്സ്. 1975 -ൽ ഇതേ ദിവസമാണ് ഇന്ദിരാഗാന്ധി ജനാധിപത്യത്തെ വെല്ലുവിളിച്ച് ആദ്യമായി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

● ഇന്ത്യന്‍ കായിക രംഗത്തെ നിര്‍ണായക നേട്ടമായ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിട്ട് ഇന്ന് 40 വയസ്സ് തികയുകയാണ്. അതുപോലെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 91 വര്‍ഷം പിന്നിടുന്നതും മറ്റൊരു നാഴികക്കല്ലാണ്. ഇതുരണ്ടും സംഭവിച്ചത് ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് സ്റ്റേഡിയത്തിലാണ്‌.

● സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി കോള്‍ സെന്‍റര്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. നിലവിലെ ദിശ കോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്‍റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.

● മുന്നൂറോളം ജീവൻ ബലികൊടുത്ത ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ലോക്കോ പൈലറ്റുമാരുടെ ഒഴിവ്‌ നികത്താൻ റെയിൽവേ. 2020 സെപ്‌തംബർ നാലു മുതൽ ഏർപ്പെടുത്തിയ നിയമനനിരോധനം നിലനിൽക്കെയാണ്‌ ഈ നേരിയ ഇളവ്‌. 3.5 ലക്ഷം ഒഴിവിൽ വെറും 24,000 മാത്രമാണ്‌ ഇതുവഴി നികത്തുക.

● കേരള ബാങ്കിന്റെ പ്യൂൺ മുതലുള്ള മുഴുവൻ തസ്തികകളിലെയും നിയമനങ്ങൾ പിഎസ്‌സി വഴിയാണെന്നും നേരിട്ട്‌ നിയമനം നൽകുന്ന രീതി ബാങ്കിനില്ലെന്നും ജനറൽ മാനേജർ അറിയിച്ചു. കേരള ബാങ്കിന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി കബളിപ്പിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ മുന്നറിയിപ്പ്‌.

● ശബരിമല വിമാനത്താവള നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർഥ്യമാകുന്നതിന്റെ സൂചന കണ്ടുതുടങ്ങിയതായും പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ അദ്ദേഹം പറഞ്ഞു.

● സംസ്ഥാനത്ത് ഭിന്നശേഷി ക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി) നിയമപ്രകാരമുള്ള വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ആധികാരികരേഖയാക്കി ഉത്തരവിറക്കിയെന്ന് ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

● വൈദ്യുതി നിരക്കുകൾ കുത്തനെ ഉയർത്താൻ കേന്ദ്ര സർക്കാർ. ഇതിനായി വൈദ്യുത ചട്ടങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തി.
വൈദ്യുത (ഉപഭോക്താക്കളുടെ അവകാശങ്ങൾ) ചട്ടങ്ങൾ 2020 ലാണ് ഭേദഗതി. ഇതിന്റെ അടിസ്ഥാനത്തിൽ പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് നിരക്കിൽ 10–20 ശതമാനം വരെ കുറവു വരുമെങ്കിലും രാത്രിയിലെ ഉപയോഗത്തിന്റെ നിരക്കിൽ 10–20 ശതമാനം വർധന ഉണ്ടാകും.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News