ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 01 ജൂൺ 2023 | #News_Highlights

● അറിവ് തേടി വിദ്യാർഥികൾ ഇന്ന് സ്‌കൂളിലേക്ക്, പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

● ഒന്നരവർഷം നീണ്ട പഠനത്തിനും പരിശീലനത്തിനുംശേഷം കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിലേക്ക്‌. കേരള അഡ്‌മിനിസ്ട്രേറ്റീവ്‌ സർവീസ്‌ (കെഎഎസ്‌) ആദ്യബാച്ചിലെ 104 പേരാണ്‌ പാസിങ്‌ ഔട്ടിനൊരുങ്ങുന്നത്‌.
● സാങ്കേതിക തൊഴില്‍ വിസ അപേക്ഷകര്‍ക്കായി ഇന്ത്യയില്‍ സൗദി നടപ്പാക്കുന്ന വൈദഗ്ധ്യ പരീക്ഷയില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി. ഇനിമുതല്‍ 18 സാങ്കേതി തസ്‌തികളിലാണ് വൈദഗ്ധ്യ പരീക്ഷ നടക്കുക. ഈ പരീക്ഷ നിര്‍ബന്ധമാണെന്നും ഇതില്ലാതെ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയിലെ സൗദി എംബസി ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

● ഗുസ്‌തി താരങ്ങളോടുള്ള നീതി നിഷേധത്തിലും പൊലീസ്‌ കൈയേറ്റത്തിലും രൂക്ഷ വിമർശവുമായി രാജ്യാന്തര ഒളിമ്പിക്‌ സമിതിയും (ഐഒസി) ലോക ഗുസ്‌തി സംഘടനയായ യുണൈറ്റഡ്‌ വേൾഡ്‌ റെസ്‌ലിങ്ങും (യുഡബ്ല്യുഡബ്ല്യു).

● സൈനികാവശ്യത്തിനായുള്ള ചാര കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം പാളിയെന്ന്‌ ഉത്തര കൊറിയ. ബുധൻ രാവിലെ 6.27ന്‌ ആയിരുന്നു ഷിയോലിമ വൺ ഉപഗ്രഹത്തിന്റെ വിക്ഷേപണം. പ്രഥമഘട്ടത്തിൽത്തന്നെ വിക്ഷേപണം പാളിയെന്നും ഉപഗ്രഹവുമായി റോക്കറ്റ്‌ കടലിൽ പതിച്ചെന്നും കൊറിയൻ സെൻട്രൽ ന്യൂസ്‌ ഏജൻസി റിപ്പോർട്ട്‌ ചെയ്തു.

● ഭൂമിയുടെ ഉള്ളറകളെക്കുറിച്ച്‌ പഠിക്കാനായി 10 കിലോമീറ്റർ ആഴത്തിൽ കുഴിയുണ്ടാക്കാൻ ചൈന. സിൻജിയാങ്ങിലെ തരിം ബേസിനിൽ കുഴിയെടുക്കൽ ആരംഭിച്ചു. ഭൂഖണ്ഡങ്ങൾ, മലകൾ, താഴ്‌വരകൾ തുടങ്ങിയവ രൂപപ്പെട്ടത്‌ എങ്ങനെ, കാലാവസ്ഥാ വ്യതിയാനം, ഓരോ ഭൂവിഭാഗത്തിലെയും ജൈവസാന്നിധ്യത്തിന്റെ സവിശേഷതകൾ തുടങ്ങിയവ പഠിക്കുകയാണ്‌ ലക്ഷ്യം.

● സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളിലും ഇന്റർനെറ്റ്‌ എത്തുന്നു. കെ -ഫോൺ കൂടി യാഥാർഥ്യമായതാണ്‌ ഈ നേട്ടം വേഗത്തിലാക്കിയത്‌. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികൾക്കടക്കം പഠന- പരിശീലന സൗകര്യം ഉയർത്താൻ ഇത്‌ സഹായകരമാകും.

● ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ബാരലിന് 40 മുതല്‍ 50 ശതമാനം വരെ ഇടിവ്. അതേസമയം രാജ്യത്ത് ഇരട്ടിവില. ലോകത്ത് ഏറ്റവുമധികം തുക ചെലവാക്കി ഇന്ധനം വാങ്ങുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. ബാരലിന് 94 ഡോളര്‍ വരെയുണ്ടായിരുന്ന ആഗോള വില ഇപ്പോള്‍ 75 ഡോളറില്‍ താഴെയാണ്.