ഇന്ന് മെയ് 31 ആഗോള പുകവലി വിരുദ്ധ ദിനം. ലോകമെമ്പാടും പുകവലിയുടെ കെടുതികൾക്ക് എതിരെ പ്രതിരോധിക്കുന്ന ഈ ദിവസത്തിൽ നാം മനസ്സിലാക്കേണ്ടുന്ന ചില യഥാർത്ഥ വസ്തുതകൾ ഉണ്ട്. അതിൽ കച്ചവടവും രാഷ്ട്രീയവും ഉണ്ട്. അവയെ കുറിച്ച് വിശദമായി ഇവിടെ വായിക്കാം.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്കാ ഓൺലൈൻ മാഗസിനിൽ വന്ന ലേഖനമാണ് ഇവിടെ.
ക്യാൻസറും പുകവലിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന്റെ ചരിത്രം. വാണിജ്യതാല്പര്യങ്ങൾ സത്യത്തെ മറയ്ക്കുന്നതിന്റെ ഏറെ ദുഖകരമായ ഒരു കഥ കൂടിയാണ്.
ബ്രിട്ടീഷ് മൊണാർക്കിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് പരമ്പരയായ ക്രൗണിൽ കൗതുകകരമായ ഒരു രംഗമുണ്ട്. കിംഗ് ജോർജ് ആറാമനോട് അദ്ദേഹത്തിന് ശ്വാസകോശത്തിൽ കാൻസർ രോഗമാണ് എന്ന് ഡോക്ടർ അറിയിക്കുന്ന രംഗം. ഒരു നിമിഷം സ്തബ്ദനായിരിക്കുന്ന രാജാവ് പിന്നീട് ചെയ്യുന്നത് ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തുന്നതാണ്. 1950കളുടെ തുടക്കമാണ്. പുകയിലയും ക്യാൻസറുമായുള്ള ബന്ധം കൃത്യമായി നിർവചിക്കുന്ന ധാരാളം പഠനങ്ങൾ വന്നു തുടങ്ങിയിരുന്നു. എന്നാൽ ഈ പഠനങ്ങൾക്ക് പിന്തുണ നൽകാൻ പലരും വിസമ്മതിച്ചു.
മാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് സിഗരറ്റിന്റെ പരസ്യമായിരുന്നു. വൈദ്യശാസ്ത്ര സംവിധാനങ്ങളോ ഭരണകൂടമോ മാധ്യമങ്ങളോ ഇക്കാര്യത്തിൽ സത്യസന്ധത കാണിച്ചില്ല. കാണിച്ചിരുന്നുവെങ്കിൽ എത്ര പണ്ടേ ഈ സത്യം കണ്ടെത്താനും ലക്ഷകണക്കിന് ജീവൻ രക്ഷിക്കാനും നമുക്ക് കഴിഞ്ഞേനെ.
ക്യാൻസറിനെക്കുറിച്ചു ദി എമ്പറർ ഓഫ് ഓൾ മാലഡീസ്: എ ബയോഗ്രഫി ഓഫ് ക്യാൻസർ എന്ന ഏറ്റവും പ്രൗഢവും വിശദവുമായ ഗ്രന്ഥം എഴുതിയ സിദ്ധാർഥ് മുഖർജി ഈ പുസ്തകത്തിന്റെ ഒരു മുഴുവൻ അധ്യായവും ക്യാൻസറും പുകവലിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന്റെ ചരിത്രം വിശദീകരിക്കുകയാണ്.
വാണിജ്യതാല്പര്യങ്ങൾ സത്യത്തെ മറയ്ക്കുന്നതിന്റെ ഏറെ ദുഖകരമായ ഒരു കഥയാണിത്. യഥാർത്ഥത്തിൽ വളരെ മുൻപ് 1761ൽ തന്നെ ജോൺ ഹിൽ എന്നൊരു ബ്രിട്ടീഷ് ഗവേഷകൻ പുകയിലയും ക്യാൻസറുമായി നേരിട്ട് ബന്ധമുണ്ട് എന്ന് വാദിച്ചിരുന്നു.എന്നാൽ ഇയാളെ ആരും ഗൗരവമായി എടുത്തില്ല. എന്ന് മാത്രമല്ല ആ സമയമായപ്പോഴേക്കും പുകവലിയും പുകയിലയുടെ മറ്റു ഉപയോഗങ്ങളും ഒരു വരേണ്യ സമൂഹത്തിന്റെ ആഡംബരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.
1870ൽ അമേരിക്കയിലെ പ്രതിശീർഷ പ്രതിവർഷ സിഗരറ്റ് ഉപഭോഗം വർഷത്തിൽ ഒന്നുമാത്രമായിരുന്നു. എന്നാൽ മുപ്പതു വർഷത്തിനുള്ളിൽ അമേരിക്കക്കാർ മൊത്തം വലിച്ചത് 6.5 ബില്യൺ സിഗരറ്റാണ്. യുദ്ധങ്ങളും യുദ്ധ രംഗത്തുനിന്നുള്ള ചിത്രങ്ങളും പുകവലിയെ കൂടുതൽ ആകർഷകമാക്കി. ക്രിമിയൻ യുദ്ധകാലത്തു ഒരു സൈനികനാണ് സിഗരറ്റ് കണ്ടെത്തിയതെന്നും ഒരു കഥയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി, രണ്ടു മഹായുദ്ധത്തോടെ സിഗരറ്റിന്റെ സുവർണ കാലമായി മാറി.
1953ൽ ഒരു വർഷം ഒരു അമേരിക്കക്കാരൻ വലിക്കുന്ന സിഗററ്റുകളുടെ എണ്ണം 3500 ആയി ഉയർന്നു. അതിന്റെ അർത്ഥം ഒരമേരിക്കക്കാരൻ ദിവസം ശരാശരി 10 സിഗരറ്റ് വലിക്കുന്നു എന്നതായിരുന്നു. ഇംഗ്ലീഷുകാരന്റെ ശരാശരി ദിവസം പന്ത്രണ്ടും സ്കോട്ലൻഡിൽ ഇരുപതുമായിരുന്നു. സിഗരറ്റിന്റെ നൂറ്റാണ്ട് എന്നാണ് ആ കാലഘട്ടം വിശേഷിക്കപ്പെട്ടത്. എന്നാൽ പുകവലിയും ക്യാൻസറുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന് ആരും വിശ്വസിച്ചില്ല. സാധാരണ ജീവിതത്തിന്റെ ഭാഗമായി പുകവലി മാറിക്കഴിഞ്ഞിരുന്നു. നാം നേരത്തേ കണ്ട ക്രൗൺ എന്ന പരമ്പരയിൽ എൺപതുകളിൽ പുകവലിയില്ലാത്ത ഒരു രംഗം പോലും കാണാൻ വിഷമം.
ഇത്ര സ്വാഭാവികമായ കാര്യത്തെ എങ്ങനെയാണ് ഒരു രോഗവുമായി ബന്ധപ്പെടുത്തുക?
“ഇരിക്കുന്നതും ക്യാൻസറുമായി ബന്ധമുണ്ടോ …എന്ന ചോദ്യം പോലെയാണിത്.” ഒരു വിദഗ്ദൻ പറഞ്ഞു.
എന്നാൽ 1948 ൽ ഏണെസ്റ് വൈൻഡർ എന്നൊരു വിദ്യാർത്ഥി ശ്വാസകോശ ക്യാൻസറും പുകവലിയുമായി ഒരു പ്രധാന ബന്ധം കണ്ടെത്തി. കഴിഞ്ഞ രണ്ടു ദശകത്തിൽ ശ്വാസകോശ ക്യാൻസർ മൂലമുള്ള മരണം 15 ഇരട്ടിയായി എന്നതായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ പഠനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമം വേണ്ടത്ര വിജയിച്ചില്ല. എന്നാൽ നിരാശനാവാതെ വൈൻഡർ തന്റെ ഗുരു എവർട്സ് ഗ്രഹാമിനെ സമീപിച്ചു സഹായം അഭ്യർത്ഥിച്ചു. ഈ കക്ഷി ഒരു പ്രത്യേക തരക്കാരനാണ്. ക്യാൻസറും പുകവലിയുമായുള്ള ബന്ധം ക്യാൻസറും നൈലോൺ സ്റ്റോക്കിങ്ങുമായുള്ള ബന്ധം പോലെയാണ് എന്ന് പ്രസ്താവിച്ചയാളാണ്. ഓരോ ആഴ്ചയിലും ഡസൻ കണക്കിന് ശ്വാസകോശ രോഗികളെ ഓപ്പറേറ്റ് ചെയ്യുമ്പോഴും ചുണ്ടിൽ ഒരു സിഗരറ്റു പുകച്ചല്ലാതെ ഇയാളെ കാണുകയുമില്ല. സത്യത്തിൽ വൈൻഡർ പറയുന്നത് അബദ്ധമാണ് എന്ന് തെളിയിക്കാനാണ് ഗ്രഹാം ഈ പഠനത്തിൽ സഹകരിച്ചത് തന്നെ.
ഇത്തരം പഠനങ്ങൾക്ക് പിന്തുണ കിട്ടാതിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. പുകവലിയുടെ പരസ്യങ്ങൾ പരസ്യ മേഖലയെ മൊത്തത്തിൽ മാറ്റിയിരുന്നു.
പുകവലിയുടെ പരസ്യം പ്രത്യേക പഠനം അർഹിക്കുന്നുണ്ട്. സമൂഹത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളെ ഉന്നം വച്ചായിരുന്നു പരസ്യങ്ങൾ. അങ്ങനെ നഗരത്തിലെ തൊഴിലാളികൾ, വീട്ടമ്മമാർ, സ്ത്രീകൾ, പുറം രാജ്യങ്ങളിൽ നിന്ന് വന്നവർ, ആഫ്രിക്കൻ-അമേരിക്കക്കാർ, എന്ന് വേണ്ട ഡോക്ടർമാർക്ക് കൂടി പ്രത്യേകതരം സിഗരറ്റുകൾ വിപണിയിൽ ഇറങ്ങി.
“ കൂടുതൽ ഡോക്ടർമാരും വലിക്കുന്നത് ക്യാമൽ സിഗരറ്റാണ്” എന്നതായിരുന്നു ഒരു പരസ്യ വാചകം. ഡോക്ടർമാർ വലിക്കുന്നതായാൽ അതിന്റെ ആരോഗ്യ പ്രശ്നത്തെക്കുറിച്ചു പേടിക്കേണ്ടതില്ലല്ലോ എന്ന് സ്വാഭാവികമായും ആളുകൾക്ക് തോന്നും.മെഡിക്കൽ ജേര്ണലുകളിലും സിഗരറ്റിന്റെ പരസ്യം വന്നു. മെഡിക്കൽ കോൺഫെറെൻസുകൾ ഇവർ സ്പോൺസർ ചെയ്തു. മെഡിക്കൽ സമ്മേളനങ്ങളിൽ സൗജന്യമായി നൽകുന്ന സിഗററ്റിനായി ഡോക്ടർമാർ ക്യൂ നിന്നു. പ്രശസ്തമായ മെൽബോറോ മാന് പരസ്യത്തോടെ സിഗരറ്റിന്റെ വില്പന 5000 ശതമാനമാണ് കൂടിയത്. 1960ഓടെ അമേരിക്കൻ സിഗരറ്റ് വിപണി 5 ബില്യൺ ഡോളർ എത്തി.
NBC യുടെ ന്യൂസ് പരിപാടികൾ സിഗരറ്റ് കമ്പനിയായ ക്യാമൽ ആണ് സ്പോൺസർ ചെയ്തത്. ക്യാമൽ ന്യൂസ് കാരവാൻ എന്നായിരുന്നു പരിപാടിയുടെ പേര്.
പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ തമസ്കരിക്കുന്നതിൽ മാധ്യമങ്ങൾ നിർവഹിച്ച പങ്ക് “മാധ്യമ രംഗത്തെ ആദ്യ പാപം” എന്നാണ് പ്രശസ്ത മാധ്യമ ഗവേഷകനായ ബെൻ എച്ച് ബാഗ്ദാക്യൻ വിശേഷിപ്പിക്കുന്നത്.
അമേരിക്കയിലെ ഡോൾ ആൻഡ് ഹിൽ പഠനങ്ങളും ഇംഗ്ലണ്ടിലെ വൈൻഡർ ഗ്രഹാം പഠനങ്ങളുമൊന്നും വൈദ്യ ലോകത്തെ സ്വാധീനിച്ചില്ല. എന്നാൽ ഇത്തരം പഠനങ്ങൾ സിഗരറ്റിന്റെ വിൽപ്പനയെ പ്രതികൂലമായി ബാധിക്കും എന്ന് മനസ്സിലാക്കിയ കമ്പനികൾ 1954ൽ ഒരു മുഴുവൻ പേജ് പരസ്യം പുറത്തിറക്കി. നുണയും അർദ്ധ സത്യങ്ങളും നിറഞ്ഞ പരസ്യം കാൻസർ ഗവേഷണത്തെ നേരിട്ട് സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ക്യാൻസറും പുകവലിയും തമ്മിലുള്ള ബന്ധം പഠിക്കാൻ സിഗരറ്റ് ഉത്പാദക കമ്പനികൾ തന്നെ നേരിട്ടിറങ്ങുമെന്ന് അവർ വാഗ്ദാനം ചെയ്തു. ഈ ഗവേഷണത്തിന് നേതൃത്വം നല്കിയതാവട്ടെ അമേരിക്കൻ സൊസൈറ്റി ഫോർ ദി കണ്ട്രോൾ ഓഫ് ക്യാൻസറിന്റെ പ്രസിഡന്റ് ക്ലാരൻസ് കുക്ക് ലിറ്റിൽ തന്നെ ആയിരുന്നു. സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇതൊരു തുറന്ന യുദ്ധമായി മാറി. ഇതിനിടയിൽ ദുഖകരമായ ഒരു കാര്യമുണ്ടായി. ക്യാൻസറും പുകവലിയും തമ്മിൽ ബന്ധമില്ല എന്ന് സ്ഥാപിക്കാൻ മാത്രം വൈൻഡറുമായി ഗവേഷണം തുടങ്ങിയ ഏണസ്‌റ് ഗ്രഹാം തനിക്കു ശ്വാസകോശ കാൻസറാണ് എന്ന് തിരിച്ചറിഞ്ഞു. ജീവിതത്തെയും ഗവേഷണത്തെയും മാറ്റി മറിച്ച ഒരു സംഭവമായിരുന്നു അത്.
എങ്കിലും പിന്നെയും എത്രയോ വർഷം കഴിഞ്ഞു ഈ ഗവേഷണ ഫലം ഗൗരവമായെടുത്തു നയ രൂപീകരണം നടത്താൻ ഗവണ്മെന്റ് രൂപീകരിച്ച ഒരു പഠന കമ്മിറ്റി അവരുടെ നിർദേശങ്ങൾ സമർപ്പിച്ചത് 1964ലാണ്. പിറ്റേ ദിവസത്തെ മാധ്യമങ്ങളിൽ ഏറ്റവും പ്രധാന വാർത്തയായിരുന്നു ക്യാന്സറും പുകവലിയും തമ്മിലുള്ള ബന്ധം. എന്നാൽ അത്ഭുതം എന്ന് പറയട്ടെ സമൂഹത്തിൽ പുകവലിയോടുള്ള ആസക്തിക്കു കാര്യമായ കുറവ് വരുത്താൻ ഈ വാർത്ത സഹായിച്ചില്ല. അത്ര സഹജമായ ഒരു സ്വഭാവമായി പുകവലി മാറിക്കഴിഞ്ഞിരുന്നു. ആകെ സംഭവിച്ചത് പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന അപകട സൂചിക സിഗരറ്റ് പാക്കറ്റിന്റെ പുറത്തുണ്ടായി എന്ന് മാത്രം. (പുകവലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന വാർത്തയെ മറികടന്നു എങ്ങനെ പരസ്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള രസകരമായ ചില അനുഭവങ്ങൾ Mad Men എന്ന പരമ്പരയിലുണ്ട്.) കാര്യങ്ങൾ വലിയ മാറ്റമുണ്ടാക്കാതെ തുടർന്നു.
1966ൽ ജോൺ ബാൻഷാഫ് എന്ന ചെറുപ്പക്കാരനായ ഒരു അഭിഭാഷകൻ മാധ്യമങ്ങളെ ആക്രമിച്ചു കീഴടക്കുന്ന സിഗരറ്റ് പരസ്യങ്ങളെക്കുറിച്ചു ഒരല്പം ആകുലനായി. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സങ്കൽപനത്തിൽ ഏതൊരു വാദത്തിനും മറു വാദം നിർബന്ധമാക്കണം എന്ന ഫെയർനെസ് ടോക് ഡോക്ട്രിൻ അദ്ദേഹം ഓർമിച്ചെടുത്തു. പുകയില പരസ്യം ചെയ്യുന്ന ടെലിവിഷൻ ചാനലുകൾ പുകവലിയുടെ ദൂഷ്യവശം പ്രതിപാദിക്കുന്ന പരിപാടികൾക്കു തുല്യമായ സമയം നൽകണം എന്ന് വാദിച്ചു അദ്ദേഹം കോടതിയെ സമീപിച്ചു. ദീർഘമായ വാദങ്ങൾക്ക് ശേഷം അനുകൂലമായ വിധിയും നേടി. പുകവലി വിരുദ്ധ പരസ്യങ്ങൾ ടെലിവിഷൻ ചാനലുകളിൽ സജീവമായി. ഈ പരസ്യ യുദ്ധത്തിൽ സിഗരറ്റ് കമ്പനികൾ പരാജിതരായി. 1971 ജനുവരി ഒന്നിന് ശേഷം അമേരിക്കയിലെ ഒരു ടെലിവിഷൻ ചാനലും സിഗരറ്റിന്റെ പരസ്യങ്ങൾ പ്രദർശിപ്പിച്ചില്ല. ഇതിന്റെ തുടർച്ചയായി ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലും പുകയിലയുടെ പരസ്യം നിരോധിച്ചു.
1952 ലെ സാധുബീഡിയുടെ മലയാള പരസ്യം
ഇതുകൊണ്ടൊന്നും പുകവലിയുടെ വ്യാപനത്തിൽ കുറവുണ്ടായില്ല എന്ന് മാത്രമല്ല പുകവലിയും രോഗങ്ങളുമായുള്ള ബന്ധം പുകയില കമ്പനികൾ വേണ്ടത്ര അംഗീകരിച്ചുമില്ല. പിൽക്കാലത്ത് നടന്നപ്രമാദമായചില കേസുകളിൽ തോൽക്കുകയും ക്യാൻസർരോഗികൾക്ക് നഷ്ട പരിഹാരം നൽകുകയും ചെയ്യേണ്ടി വന്നപ്പോഴാണ് സിഗരറ്റ് കമ്പനികൾ ഒട്ടൊന്നു പതറിയത്.
ഇപ്പോഴും സറോഗേറ്റ് പരസ്യ രീതിയിലൂടെ പുകയില കമ്പനികൾ മാധ്യമങ്ങളെ സ്വാധീനിക്കുന്നുണ്ട്. പുകവലിയിൽ സാമാന്യം കുറവുണ്ടാവുകയും ചെയ്തു. എന്തായാലും കുത്തക വാണിജ്യ താത്പര്യങ്ങൾ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചു പഠിക്കുന്നവർക്ക് സിഗരറ്റ് കമ്പനികളുടെ ചരിത്രം നല്ല ഉൾകാഴ്ച്ച നല്കുന്നതാവും.
(സിദ്ധാർഥ് മുഖർജിയുടെ എമ്പറർ ഓഫ് ഓൾ മാലഡീസ് എന്ന പുസ്തകത്തെ ആധാരമാക്കി എഴുതിയത്)
1960 കളിലെ കൗതുകമുണർത്തുന്ന സിഗരറ്റ് പരസ്യങ്ങൾ
ഈ ലേഖനം എഴുതിയത് :
സി . സാജൻ