ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 20 മെയ് 2023 | #News_Highlights

● കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വ്യഴാഴ്ച ചേര്‍ന്ന നിയമസഭ കക്ഷിയോഗം ഏകകണ്ഠമായി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും നിയമസഭ കക്ഷി നേതാവായും തെരഞ്ഞെടുത്തു. യോഗത്തിന് ശേഷം രാജ്ഭവനിലെത്തി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹലോട്ടിനെ കണ്ടു.

● 2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ 30 വരെയാണ് നോട്ടുകള്‍ ഉപയോഗിക്കാൻ കഴിയുക. നിലവിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ. 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായും റിപ്പോര്‍ട്ട്.

● ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ എന്നിവയാണ്. 100% വിജയമാണ് ഈ വിദ്യാഭ്യാസ ജില്ലകൾ നേടിയത്. വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂരാണ്. 99.94 ആണ് വിജയ ശതമാനം. വിജയശതമാനം ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.

● എസ്എസ്എൽസി പരീക്ഷാ ഫലം കാത്തുനിൽക്കാതെ വിടവാങ്ങിയ സാരംഗിന് ഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ സാരംഗ്  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്നാണ്  ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) മസ്തിഷ്‌ക മരണമടഞ്ഞത്. ആറു പേർക്ക് പുതുജീവനേകിയാണ് സാരംഗ് യാത്രപറഞ്ഞത്.

● എസ്എസ്എല്‍സി സേ പരീക്ഷകള്‍ ജൂണ്‍ 7 മുതല്‍ 14 വരെ; ഫലപ്രഖ്യാപനം ജൂണ്‍ അവസാനം.

● എല്ലാവർക്കും ഭൂമി എന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്‌ റവന്യുവകുപ്പ്‌. രണ്ടു വർഷത്തിനുള്ളിൽ ഈ ലക്ഷ്യം സാധ്യമാക്കാനുള്ള പദ്ധതികളാണ്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നത്‌.

● നിത്യോപയോ​ഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് കേരള സർക്കാർ. പൊതുവിപണിയിൽ 1376 രൂപ വിലവരുന്ന 13 ഇന അവശ്യസാധനങ്ങൾ 612 രൂപയ്ക്കാണ് സപ്ലൈകോ വഴി നൽകുന്നത്.  ഏഴുവർഷമായി ഇവയ്‌ക്ക്‌ വില വർധിപ്പിച്ചിട്ടില്ല.

● റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ വിവിധയിടങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിമുതൽ തിങ്കൾവരെ ട്രെയിൻ ​ഗതാ​ഗതം ഭാ​ഗികമായി തടസ്സപ്പെടും. മുപ്പതോളം ട്രെയിനാണ് ദിവസവും റദ്ദാക്കുന്നത്.

● കെട്ടിടങ്ങളുടെ അസാധാരണമായ ഭാരം കാരണം ന്യൂയോര്‍ക്ക് നഗരം ഭാഗികമായി മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. സമുദ്രനിരപ്പില്‍ നിന്നുള്ള നഗരത്തിന്റെ ഉയരം ഓരോ വർഷവും ശരാശരി 1–2 മില്ലിമീറ്റർ കുറയുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ.

● കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പ്രതിവര്‍ഷം രണ്ടരലക്ഷം ജനങ്ങള്‍ അകാല മരണത്തിന് കീഴടങ്ങുമെന്നും നൂറ്റാണ്ടിന്റെ അവസാനം 90 ലക്ഷം പേര്‍ അകാല മരണത്തെ നേരിടുമെന്നും ലോകാരോഗ്യ സംഘടന.

● ‘എല്ലാവർക്കും ഇൻ്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻ്റർനെറ്റ് സൗകര്യം കെഫോൺ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.