ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 15 മെയ് 2023 | #News_Highlights

● കർണ്ണാടകയിൽ മുഖ്യമന്ത്രി ആരെന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനമായില്ല, ചർച്ചകൾ തുടരുന്നു. മല്ലികാർജ്‌ജുൻ ഖാർഗെ തീരുമാനിക്കുമെന്ന് സൂചന.

● പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത്‌ 67,069 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി. പട്ടയവിതരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന പട്ടയമേളയിൽ ജില്ലയിൽ 11,221 കുടുംബങ്ങൾക്കും പട്ടയം നൽകി.

● ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോക്ക അതിതീവ്ര ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഞയറാഴ്‌ച മ്യാന്മർ, ബംഗ്ലാദേശ്‌ തീരങ്ങളിൽ ഇടിച്ചിറങ്ങി.
ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ വലിയ നഷ്ടമുണ്ടായി. അഞ്ചുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാല്‍ വന്‍തോതില്‍ ആളപായമുണ്ടായില്ല.

● കേരളത്തിലെ വനങ്ങളിൽ കാട്ടാനകളുടെ കണക്കെടുക്കാൻ വനം വന്യജീവി വകുപ്പ്‌. സംസ്ഥാനത്ത്‌ 17 മുതൽ 19 വരെയാണ്‌ കണക്കെടുപ്പ്‌. അതിർത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുക്കും. സംസ്ഥാന അതിർത്തി കടന്നും കാട്ടാനകൾ സഞ്ചരിക്കുന്നതിനാലാണ്‌ ഒന്നിച്ച്‌ കണക്കെടുക്കുന്നത്‌. 2017 ലാണ്‌ ഏറ്റവുമൊടുവിൽ കണക്കെടുത്തത്‌.

● പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ- സ്റ്റോറുകളെന്നും ഈ സാമ്പത്തിക വർഷം ഇത്തരം 1000 സ്റ്റോറുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ സ്വന്തം സ്റ്റോർ ആയ കെ- സ്റ്റോറിന്റെയും ഇ-പോസ് മെഷീനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.