ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 04 മെയ് 2023 | #News_Highlights

● മണിപ്പൂരില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിച്ചു. മണിപ്പൂരിലെ ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

● ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ. 180 രാജ്യങ്ങളുടെ പട്ടികയിൽ ഇക്കൊല്ലം ഇന്ത്യ 161–-ാം സ്ഥാനത്തായി. 2022ലെ 150–-ാം സ്ഥാനത്തേക്കാൾ 11 ഇടം പിറകിൽ. പാരിസ്‌ ആസ്ഥാനമായ റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സാണ്‌ (ആർഎസ്‌എഫ്‌) റിപ്പോർട്ട്‌ പുറത്തിറക്കിയത്‌.

● ഇഎസ്ഐ ആശുപത്രികളിൽ എത്തുന്നവരിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫർ ചെയ്യണമെന്ന കേന്ദ്ര തൊഴിൽ വകുപ്പിന്റെ ഉത്തരവ് വ്യാപക ആശങ്കയ്ക്കിടയാക്കുന്നു. വിദഗ്ധ ചികിത്സ വേണ്ടി വരുന്ന കേസുകൾ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതാണ് നിലവിലെ രീതി.

● ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിന്റെ ഭാഗമായി ലൈഫ്‌ മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ വ്യാഴാഴ്ച അര്‍ഹര്‍ക്ക് സമർപ്പിക്കും. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്.

● മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5‑ന് മുൻപ് ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണമെന്നും സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.