പ്രതിമാസം 30 ലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങാൻ റിലയൻസ്..... #Reliance

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനുള്ള കരാറിലൊപ്പിട്ട് ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ്. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റുമായാണ് റിലയന്‍സ് ഒരുവര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പുവച്ചത്. റഷ്യന്‍ കറന്‍സിയായ റൂബിളിലാണ് ഇടപാട് നടത്തുകയെന്നും നാല് വ്യത്യസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

യു.എസ്സും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിലവില്‍ റഷ്യയ്ക്ക് സാധിക്കില്ല. ഇതേത്തുടര്‍ന്ന് അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് പകരംമാര്‍ഗം കണ്ടെത്താന്‍ പുതിന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടപാടുകള്‍ റൂബിള്‍ മുഖേനയാക്കിയത്.

എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങള്‍ ജൂണിന് ശേഷം എണ്ണവിതരണം വെട്ടിക്കുറയ്ക്കുമെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് റോസ്‌നെഫ്റ്റില്‍നിന്ന് ദീര്‍ഘകാല കരാറിലൂടെ എണ്ണ വാങ്ങുന്നത് റിലയന്‍സിന് സഹായകമാകും. ജൂണ്‍ രണ്ടിന് നടക്കുന്ന ഒപെക് രാജ്യങ്ങളുടേയും സഖ്യരാജ്യങ്ങളുടേയും യോഗത്തിന് ശേഷമാകും എണ്ണ ഉത്പാദനം നിയന്ത്രിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

2022-ലെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചിരുന്നു. കടല്‍മാര്‍ഗമെത്തുന്ന റഷ്യന്‍ എണ്ണ ഇറക്കുമതിചെയ്യുന്ന ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയത് ഇതിനുശേഷമാണ്. ഇന്ത്യന്‍ രൂപ, ദിര്‍ഹം, ചൈനീസ് യുവാന്‍ എന്നീ കറന്‍സികളിലും ഇന്ത്യ റഷ്യയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിയാണെന്ന് റോസ്‌നെഫ്റ്റ് ഇ-മെയിലിലൂടെ പ്രതികരിച്ചു. എണ്ണ ഉത്പാദനത്തിലും എണ്ണ ശുദ്ധീകരണത്തിലും വ്യാപാരത്തിലുമെല്ലാം ഇന്ത്യന്‍ കമ്പനികളുമായി സഹകരിക്കുമെന്നും റോസ്‌നെഫ്റ്റ് പറഞ്ഞു. അതേസമയം, റിലയന്‍സുമായുള്ള ഇടപാട് സംബന്ധിച്ച് അവര്‍ ഒരു പ്രതികരണവും നടത്തിയില്ല. റിലയന്‍സും വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാമ്പത്തികവര്‍ഷം ആരംഭിച്ച, ഏപ്രില്‍ ഒന്ന് മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം പത്ത് ലക്ഷം ബാരല്‍ വീതമുള്ള രണ്ട് കാര്‍ഗോകളാണ് റിലയന്‍സ് ഇറക്കുമതി ചെയ്യുക. ഇതിനൊപ്പം ഓരോ മാസവും നാല് കാര്‍ഗോ കൂടി അധികമായി വാങ്ങാനും അവസരമുണ്ട്. പശ്ചിമേഷ്യന്‍ എണ്ണയേക്കാള്‍ ബാരലിന് മൂന്ന് ഡോളര്‍ കുറവ് വിലയ്ക്കാണ് റിലയന്‍സിന് റോസ്‌നെഫ്റ്റ് എണ്ണ നല്‍കുക. ഇതിന് പുറമെ സള്‍ഫര്‍ ഘടകം കുറഞ്ഞ എണ്ണ പ്രതിമാസം രണ്ട് കാര്‍ഗോ വീതവും റിലയന്‍സ് വാങ്ങും.

ഇന്ത്യയുടെ എച്ച്.ഡി.എഫ്.സി. ബാങ്ക് റഷ്യയുടെ ഗാസ്‌പ്രോം ബാങ്ക് എന്നിവ മുഖേനയാണ് റിലയന്‍സ് റോസ്‌നെഫ്റ്റിന് പണം നല്‍കുക. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

MALAYORAM NEWS is licensed under CC BY 4.0