Reliance എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Reliance എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി #Flash_News

 
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാൻഡുകളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ ഈ വിധി ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.

തങ്ങളുടെ ട്രേഡ്മാർക്കുകൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. റിലയൻസ്, ജിയോ ബ്രാൻഡ് നാമങ്ങളും ലോഗോകളും ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നത് തങ്ങളുടെ ട്രേഡ്മാർക്ക് ലംഘനമാണെന്ന് കമ്പനി വാദിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളോട് സാമ്യമുള്ള ബ്രാൻഡിംഗും കമ്പനിയുടെ കലാപരമായ സൃഷ്ടികളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

നിരവധി കമ്പനികൾ റിലയൻസ് ട്രേഡ്മാർക്കുകൾ ഉപയോഗിച്ച് എഫ്എംസിജി ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് കോടതിയെ അറിയിച്ചിരുന്നു. ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, ദൈനംദിന ഗ്രോസറികൾ എന്നിവയുൾപ്പെടെയുള്ള എഫ്എംസിജി ബിസിനസിൽ റിലയൻസ് സജീവമാണ്. 

ഈ വിധി ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ട്രേഡ്മാർക്ക് നിയമങ്ങൾ കർശനമാക്കുന്നതിലും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് തങ്ങളുടെ വെബ്സൈറ്റുകളിലെ ഉൽപ്പന്നങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന വ്യക്തമായ സന്ദേശവും ഈ വിധി നൽകുന്നു.



ജിയോ പോയി ഗൈസ്.. രാജ്യവ്യാപകമായി റിലയൻസ് ജിയോ നെറ്റവർക്ക് സേവനങ്ങൾ തകരാറിലായി. #JioDown

റിലയൻസ് ജിയോയുടെ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി താറുമാറായിരിക്കുകയാണ്.  കോൾ, ഇൻ്റർനെറ്റ്, ജിയോ ഫൈബർ സേവനങ്ങൾ ഭാഗികമായോ പൂർണ്ണമായോ പ്രവർത്തനരഹിതമായി.  ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.  പല ഉപയോക്താക്കൾക്കും കോളുകൾ ചെയ്യാനും ഇൻ്റർനെറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല.

 ജിയോ നെറ്റ്‌വർക്കുകളിൽ വിളിക്കാൻ കഴിയുന്നില്ലെന്നും കോൾ ഡ്രോപ്പ് നേരിടുന്നുണ്ടെന്നുമാണ് പരാതി.  സംഭവത്തിന് പിന്നാലെ രസകരമായ മീമുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

 കഴിഞ്ഞ മാസം, രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ എയർടെൽ വ്യാപകമായ നെറ്റ്‌വർക്ക് തടസ്സങ്ങൾ നേരിട്ടിരുന്നു.  കേരളത്തിന് പുറമെ, ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ഉപയോക്താക്കളിൽ നിന്നാണ് പരാതികൾ വരുന്നത്. എക്‌സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കൾ വ്യാപകമായി നെറ്റ്‌വർക്ക് തടസ്സങ്ങൾ ഉന്നയിച്ചിരുന്നു.

റിലയന്‍സിനു മുന്‍പില്‍ മുട്ടിടിച്ച് പെപ്സിയും കൊക്കകോളയും, വില കുറക്കുന്നത് ഉള്‍പ്പടെ മാര്‍ഗ്ഗങ്ങള്‍ ആലോചിച്ച് ലോക ബ്രാന്‍ഡുകള്‍... #Reliance

 


റിലയൻസിൻ്റെ കനത്ത വെല്ലുവിളി മറികടക്കാൻ പെപ്‌സിയും കൊക്ക കോളയും തങ്ങളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ പുറത്തിറക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് റിലയൻസിൻ്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പന്നങ്ങൾ രാജ്യത്തെ പ്രാദേശിക വിപണിയിൽ ആധിപത്യം സ്ഥാപിച്ച സാഹചര്യത്തിലാണ് ഇത്.

പത്ത് രൂപയ്ക്ക് ഗ്ലാസ് ബോട്ടിലുകളിൽ പാനീയങ്ങൾ പുറത്തിറക്കാൻ കൊക്കകോള ആലോചിക്കുന്നതായി റിപ്പോർട്ട്. ഈ ഉൽപ്പന്നങ്ങൾ പ്രധാനമായും ടയർ ടൂർ നഗരങ്ങളിൽ ലഭ്യമാക്കുക. ഇതിന് പുറമെ പ്രാദേശിക ബ്രാൻഡ് ഉൽപന്നങ്ങളും വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. വിഷയത്തിൽ നേരിട്ട് അറിവുള്ളവരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊക്കകോളയോ പെപ്‌സിയോ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

200 മില്ലി ക്യാമ്പ ബ്രാൻഡ് ഉൽപ്പന്നങ്ങൾ 10 രൂപയ്ക്കാണ് റിലയൻസ് വിൽക്കുന്നത്. അതേസമയം കൊക്കകോള, പെപ്‌സികോ ഉൽപ്പന്നങ്ങൾക്ക് 250 മില്ലി ലിറ്ററിന് 20 രൂപയാണ് വില. ഈ കമ്പനികളുടെ ഏറ്റവും ചെറിയ ഉൽപ്പന്നമാണിത്. 500 മില്ലി കാമ്പ ഉൽപ്പന്നത്തിന് 20 രൂപ വിലയുള്ളപ്പോൾ, അതേ അളവിൽ കൊക്കകോളയ്ക്ക് 30 രൂപയും പെപ്‌സിക്ക് 40 രൂപയുമാണ്.

പ്രതിമാസം 30 ലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങാൻ റിലയൻസ്..... #Reliance

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനുള്ള കരാറിലൊപ്പിട്ട് ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ്. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റുമായാണ് റിലയന്‍സ് ഒരുവര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പുവച്ചത്. റഷ്യന്‍ കറന്‍സിയായ റൂബിളിലാണ് ഇടപാട് നടത്തുകയെന്നും നാല് വ്യത്യസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

യു.എസ്സും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിലവില്‍ റഷ്യയ്ക്ക് സാധിക്കില്ല. ഇതേത്തുടര്‍ന്ന് അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് പകരംമാര്‍ഗം കണ്ടെത്താന്‍ പുതിന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടപാടുകള്‍ റൂബിള്‍ മുഖേനയാക്കിയത്.

എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങള്‍ ജൂണിന് ശേഷം എണ്ണവിതരണം വെട്ടിക്കുറയ്ക്കുമെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് റോസ്‌നെഫ്റ്റില്‍നിന്ന് ദീര്‍ഘകാല കരാറിലൂടെ എണ്ണ വാങ്ങുന്നത് റിലയന്‍സിന് സഹായകമാകും. ജൂണ്‍ രണ്ടിന് നടക്കുന്ന ഒപെക് രാജ്യങ്ങളുടേയും സഖ്യരാജ്യങ്ങളുടേയും യോഗത്തിന് ശേഷമാകും എണ്ണ ഉത്പാദനം നിയന്ത്രിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

2022-ലെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചിരുന്നു. കടല്‍മാര്‍ഗമെത്തുന്ന റഷ്യന്‍ എണ്ണ ഇറക്കുമതിചെയ്യുന്ന ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയത് ഇതിനുശേഷമാണ്. ഇന്ത്യന്‍ രൂപ, ദിര്‍ഹം, ചൈനീസ് യുവാന്‍ എന്നീ കറന്‍സികളിലും ഇന്ത്യ റഷ്യയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിയാണെന്ന് റോസ്‌നെഫ്റ്റ് ഇ-മെയിലിലൂടെ പ്രതികരിച്ചു. എണ്ണ ഉത്പാദനത്തിലും എണ്ണ ശുദ്ധീകരണത്തിലും വ്യാപാരത്തിലുമെല്ലാം ഇന്ത്യന്‍ കമ്പനികളുമായി സഹകരിക്കുമെന്നും റോസ്‌നെഫ്റ്റ് പറഞ്ഞു. അതേസമയം, റിലയന്‍സുമായുള്ള ഇടപാട് സംബന്ധിച്ച് അവര്‍ ഒരു പ്രതികരണവും നടത്തിയില്ല. റിലയന്‍സും വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാമ്പത്തികവര്‍ഷം ആരംഭിച്ച, ഏപ്രില്‍ ഒന്ന് മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം പത്ത് ലക്ഷം ബാരല്‍ വീതമുള്ള രണ്ട് കാര്‍ഗോകളാണ് റിലയന്‍സ് ഇറക്കുമതി ചെയ്യുക. ഇതിനൊപ്പം ഓരോ മാസവും നാല് കാര്‍ഗോ കൂടി അധികമായി വാങ്ങാനും അവസരമുണ്ട്. പശ്ചിമേഷ്യന്‍ എണ്ണയേക്കാള്‍ ബാരലിന് മൂന്ന് ഡോളര്‍ കുറവ് വിലയ്ക്കാണ് റിലയന്‍സിന് റോസ്‌നെഫ്റ്റ് എണ്ണ നല്‍കുക. ഇതിന് പുറമെ സള്‍ഫര്‍ ഘടകം കുറഞ്ഞ എണ്ണ പ്രതിമാസം രണ്ട് കാര്‍ഗോ വീതവും റിലയന്‍സ് വാങ്ങും.

ഇന്ത്യയുടെ എച്ച്.ഡി.എഫ്.സി. ബാങ്ക് റഷ്യയുടെ ഗാസ്‌പ്രോം ബാങ്ക് എന്നിവ മുഖേനയാണ് റിലയന്‍സ് റോസ്‌നെഫ്റ്റിന് പണം നല്‍കുക. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0