October 10 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
October 10 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 ഒക്ടോബർ 2025 | #NewsHeadlines

• ഇന്ന് ലോക മാനസികാരോഗ്യദിനം. 'അത്യാഹിതങ്ങളിലും ദുരന്തങ്ങളിലും മാനസികാരോഗ്യ സേവനലഭ്യത ഉറപ്പാക്കുക’ എന്നുള്ളതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം.

• കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കാണ് കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നത്.

• ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണം പൂശൽ വിവാദത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.

• കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല.

• കേരളത്തിലെ ദേശീയപാതാ 66ന്റെ ഉദ്ഘാടനം ജനുവരിയിൽ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഴുവൻ റീച്ചുകളും സമയബന്ധിതമായി പൂർത്തിയാക്കും. ദേശീയപാത നിർമാണ പ്രവർത്തി 450 കിലോമീറ്ററിലധികം പൂർത്തിയായി.

• കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്‌ പ്രഥമ വൈസ് ചാന്‍സലർ ഡോ. കെ. മോഹന്‍ദാസ് ബെംഗളൂരുവില്‍ അന്തരിച്ചു. ശ്രീചിത്ര തിരുനാൾ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി മുന്‍ ഡയറക്ടറായിരുന്നു.

• 14 വർഷക്കാലമായി ഭൂരഹിത ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടുന്ന പുനലൂർ അരിപ്പ ഭൂപ്രശ്നത്തിന് പരിഹാരമായി. സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചതായി റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

• കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച അക്കമിട്ട് നിരത്തി സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) 9.97% ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

• പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭയുടെ 14-ാം സമ്മേളനം ഒരു ദിവസം വെട്ടിച്ചുരുക്കിയതോടെ അവസാനദിവസം പാസാക്കിയത് 11 ബില്ലുകൾ.

• വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുമായി സഖ്യത്തിനായുള്ള പ്രവർത്തനങ്ങൾ എൻ‌ഡി‌എ ആരംഭിച്ചുവെന്ന സൂചന നല്‍കി എഐ‌എ‌ഡി‌എം‌കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി.

• പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു നേട്ടം കൂടി. ശതകോടീശ്വരനാകുന്ന ലോകത്തിലെ ആദ്യ ഫുട്ബോൾ താരമായിരിക്കുകയാണ് റൊണാള്‍ഡോ. ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 1.4 ബില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ ആസ്തി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 10 ഒക്റ്റോബർ 2024 - #NewsHeadlinesToday

• പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ടാറ്റ സൺസ് മുൻ ചെയർമാൻ ആയിരുന്നു.

• ഈ വർഷത്തെ തിരുവോണം ബംപർ ഒന്നാം സമ്മാനം വയനാട് ഏജൻസി വിറ്റ ടിക്കറ്റിന്. TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

• സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ.

• ലഹരിക്കേസിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ് . ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് താരങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

• അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനം ആയ ക്യുഎസ് റാങ്കിങ്ങിന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിസ് ഏഷ്യ 2025 ൽ കേരള സർവകലാശാലക്ക് നേട്ടം.

• കാറുകളിൽ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പിഴ ചുമത്തില്ല എന്നും നിയമം അടിച്ചേൽപ്പിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.

• ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടക്കൊണ്ടുപോയ സൈനികന്‍റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവാന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

• നടനും നിർമ്മാതാവുമായ ടിപി മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

• നിർദിഷ്ട എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമാണത്തിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന്‌ തുടക്കമായി. തൃക്കാക്കര ഭാരതമാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസർ ഡോ. ആര്യ ചന്ദ്രന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ്‌ പഠനം തുടങ്ങിയത്.

• രസതന്ത്രമേഖലയിലെ സംഭാവനയ്ക്കുള്ള 2024ലെ നൊബേല്‍ പുരസ്കാരം മൂന്നുപേർ പങ്കിട്ടു. അമേരിക്കൻ ഗവേഷകനായ ഡേവിഡ് ബേക്കർ, യുകെ ഗവേഷകരായ ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവരാണ് ബഹുമതിക്ക് അർഹരായത്. കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0