നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് എത്തിക്കും. മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുക. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയ്യേണ്ട സ്രവപരിശോധന ഇവിടെ നടത്താനാകും.
330 പേരാണ് മരിച്ച പതിനാലുകാരന്റെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയക്കും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകൾ ശേഖരിക്കും. 14 വയസുകാരനും സുഹൃത്തുക്കളും വീടിന് സമീപത്തെ മരത്തിൽ നിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. നിപയുടെ ഉറവിടം ഇതാണോ എന്ന് ആരോഗ്യപ്രവർത്തകർ പരിശോധിച്ചുവരികയാണ്.
നിലവിൽ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. മെഡിക്കൽ കോളേിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ നിലവിൽ ട്രാൻസിറ്റ് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകകരിക്കും.