കണ്ണൂരിൽ നിപയെന്ന് സംശയിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സ്രവം പരിശോധനക്കയച്ചു. പരിയാരം മെഡിക്കൽ കോളജിലാണ് രണ്ട് പേർ ചികിത്സയിലുള്ളത്. മട്ടന്നൂർ, മാലൂർ സ്വദേശികളായ അച്ഛന്റേയും മകന്റേയും സ്രവമാണ് കോഴിക്കോട്ടേക്ക് പരിശോധനക്കയച്ചത്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവു.
കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പനിക്ക് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്. നിരീക്ഷണത്തിൽ കഴിയുന്ന പിതാവ് പഴ കച്ചവടം നടത്തുന്നയാളാണ്. ഇതും ആശങ്ക വർധിപ്പിക്കാൻ കാരണമായി. പരിയാരം മെഡിക്കൽ കോളജിലും ഇവരുടെ വീടിന്റെ പരിസരത്തും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ കഴിഞ്ഞ മാസം മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി പ്രഖ്യാപിച്ചത്.
ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.