International Sports News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
International Sports News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലെജൻഡ്സ് ലീഗിനെ ഗെറ്റ് ഔട്ട് അടിച്ച് പാക് ക്രിക്കറ്റ് ബോർഡ് #Cricket



ലഹോർ: ലെജൻഡ്​സ്​ ലോക ചാമ്പ്യൻഷിപ്​ ക്രിക്കറ്റിൽ ഇനി കളിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇത്തവണ ഫൈനലിൽ ദക്ഷിണാഫ്രിക്കയോടാണ് പാകിസ്ഥാൻ പരാജയപ്പെട്ടത്. ​ഗ്രൂപ്പ് മത്സരത്തിലും സെമി ഫൈനലിലും പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പിസിബിയുടെ തീരുമാനം.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീം പാകിസ്ഥാനുമായി കളിക്കില്ലെന്ന് നിലപാട് എടുത്തത്. ഈ വിഷയത്തിൽ സംഘാടകരുടെ നിലപാടിനോട് പാക് ക്രിക്കറ്റ് ബോർഡിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ ഇനി മുതൽ സ്വകാര്യ ലീഗുകളിൽ പാകിസ്ഥാന്റെ പേര് ഉപയോഗിക്കുന്നതിന് പിസിബിയുടെ അനുമതി വേണ്ടിവരും.

അതേസമയം ലെജൻഡ്​സ്​ ഫൈനലിൽ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിനു തകർത്താണ് ദക്ഷിണാഫ്രിക്കചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.
 


ബാഴ്സലോണയുടെ പത്താം നമ്പർ ഇനി യമാൽ #Barcelona



ബാഴ്‌സലോണയുടെയും ഫുട്ബാൾ ആരാധകരുടെയും വികാരായ പത്താം നമ്പർ കുപ്പായം ഇനിമുതൽ ലമീൻ യമാൽ അണിയും. ദ്യോഗോ മറഡോണയും റൊണാൾഡീന്യോയും ലയണൽ മെസിയും ബാഴ്‌സയിൽ തിളങ്ങി നിന്നത് പത്താം നമ്പറിലാണ്‌. പതിനെട്ട്‌ വയസ്‌ പൂർത്തിയായ യമാലിന്‌ 2031വരെ കരാറുണ്ട്‌. കഴിഞ്ഞ സീസണിൽ 19–-ാം നമ്പർ കുപ്പായമായിരുന്നു.

2021ൽ മെസി പിഎസ്‌ജിയിലേക്ക്‌ ചേക്കേറിയപ്പോൾ യുവതാരം അൻസു ഫാറ്റിയാണ്‌ പത്താം നമ്പർ കുപ്പായമിട്ടത്‌. എന്നാൽ, നിരന്തര പരിക്ക്‌ കാരണം മികവ്‌ നിലനിർത്താൻ കഴിയാതെപോയ ഫാറ്റിക്ക്‌ ടീമിൽ അവസരങ്ങൾ കുറഞ്ഞു. മൊണാകോയിൽ വായ്‌പാടിസ്ഥാനത്തിലാണ്‌ സ്‌പാനിഷുകാരൻ ഇപ്പോൾ കളിക്കുന്നത്‌.

യമാൽ കഴിഞ്ഞ സീസണിൽ ബാഴ്‌സയ്‌ക്കും സ്‌പാനിഷ്‌ ദേശീയ ടീമിനുമായി മിന്നുന്ന പ്രകടനം പുറത്തെടുത്തു. കറ്റാലൻമാർക്കായി 106 മത്സരങ്ങളിൽ ഇറങ്ങി. 25 ഗോൾ നേടി. രണ്ട്‌ സ്‌പാനിഷ്‌ ലീഗ്‌, കിങ്‌സ്‌ കപ്പ്‌, സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ എന്നിവ സ്വന്തമാക്കി. യൂറോ കപ്പ്‌ നേടിയ സ്‌പാനിഷ്‌ ടീമിലും അംഗമായി.ചാമ്പ്യൻസ്‌ ലീഗും ലോകകപ്പുമാണ്‌ അടുത്ത ലക്ഷ്യമെന്ന്‌ യ
മാൽ പറഞ്ഞു.
 

ഫിഫ ക്ലബ് ലോകകപ്പ് : ചെൽസിയ്ക്ക് കിരീടം #club_worldcup




ഒപ്പം നടന്നവരെയൊക്കെ കടത്തിവെട്ടി ചെൽസിയ്ക്ക് ലോക കിരീടം. ക്ലബ്‌ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്‌ജിയെ മൂന്ന് ഗോളിന്‌ തകർത്താണ്‌ ചെൽസിയുടെ കുതിപ്പ്‌. രണ്ടാംതവണയാണ്‌ ഇംഗ്ലീഷ്‌ ക്ലബ്‌ ജേതാക്കളാകുന്നത്‌. രണ്ട്‌ ഗോളടിക്കുകയും ഒരെണ്ണത്തിന്‌ വഴിയൊരുക്കുകയും ചെയ്‌ത കോൾ പാൽമറാണ്‌ കളിയിലെ താരം.

ഗോളടിച്ച്‌ മുന്നേറിയ പിഎസ്‌ജി ചെൽസിയുടെ കുതിപ്പുകളിൽ കാഴ്‌ചക്കാരായി മാറുന്നതാണ്‌ കണ്ടത്‌. ഒരു ഘട്ടത്തിൽപ്പോലും കളിയിൽ നിയന്ത്രണം നേടാൻ ലൂയിസ്‌ എൻറിക്വെയുടെ സംഘത്തിന്‌ കഴിഞ്ഞില്ല. 16 ഗോളടിക്കുകയും ഒരു ഗോൾ മാത്രം വഴങ്ങുകയും ചെയ്‌ത പിഎസ്‌ജി ഫൈനലിൽ തീർത്തും നിറംകെട്ടു. പ്രതിരോധം മങ്ങി. പാൽമറുടെ ആദ്യഗോൾ ഫ്രഞ്ച്‌ പ്രതിരോധത്തിന്റെ പിഴവിൽനിന്നായിരുന്നു. മാലോ ഗുസ്റ്റോയുടെ ഷോട്ട്‌ തടഞ്ഞെങ്കിലും പന്തൊഴിവാക്കാനായില്ല. പാൽമർ അവസരം മുതലെടുത്ത്‌ ബോക്‌സിന്‌ തൊട്ടുമുന്നിൽവച്ച്‌ അടിതൊടുത്തു. ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയ്‌ക്ക്‌ ഒന്നും ചെയ്യാനായില്ല.


കളി തുടങ്ങി അരമണിക്കൂറിൽ രണ്ടാം ഗോളുമെത്തി. വലതുവശത്തുനിന്ന്‌ അസാമാന്യ കുതിപ്പ്‌ നടത്തിയ ഇംഗ്ലീഷുകാരൻ വീണ്ടും ബോക്‌സിന്‌ മുന്നിൽനിന്ന്‌ അടിപായിച്ചു. ഇക്കുറിയും ദൊന്നരുമ്മയ്‌ക്ക്‌ തടയാനായില്ല.ഇടവേളയ്‌ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ പെഡ്രോ മൂന്നാംഗോളും തൊടുത്തു. പാൽമറാണ്‌ അവസരമൊരുക്കിയത്‌. രണ്ടാംപകുതിയിൽ പിഎസ്ജി ആഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെയും സെമിയിൽ റയൽ മാഡ്രിഡിനെയും തോൽപ്പിച്ചാണ്‌ പിഎസ്‌ജി ഫൈനലിൽ കടന്നത്‌. റയലിനെതിരെ നാല്‌ഗോൾ ജയമായിരുന്നു നേടിയത്‌. മറുവശത്ത്‌ എൺസോ മറെസ്‌കയെന്ന പരിശീലകന്‌ കീഴിൽ മികച്ച കളിയാണ്‌ ചെൽസി പുറത്തെടുത്തത്‌. ഉസ്‌മാൻ ഡെംബലെയും ഡിസയർ ദുവെയും അണിനിരന്ന പിഎസ്‌ജി മുന്നേറ്റത്തെ കൃത്യമായി തടയാൻ ചെൽസി പ്രതിരോധത്തിന്‌ കഴിഞ്ഞു. പിഎസ്‌ജിക്ക്‌ ഇതുവരെ ക്ലബ്‌ ലോകകപ്പ്‌ നേടാനായിട്ടില്ല.


ഗ്രാന്‍ഡ്‌ സ്വിസ്സ് ചെസ്സ്‌: അര്‍ജുനും ഗുകേഷും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ #chess



സെപ്റ്റംബർ 3 മുതൽ 16 വരെ ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന നാലാമത്തെ FIDE ഗ്രാൻഡ് സ്വിസ് ചെസ്സിൽ ഇന്ത്യൻ താരങ്ങളായ അർജുൻ എറിഗൈസി, ലോക ചാമ്പ്യൻ ഡി ഗുകേഷ് എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തി.

ചട്ടങ്ങൾ അനുസരിച്ച്, ഓപ്പൺ, വനിതാ മത്സരങ്ങളിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2026 കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് യോഗ്യത നേടും, അവിടെ ലോക ചാമ്പ്യൻ പട്ടത്തിനായുള്ള മത്സരാർത്ഥിയെ നിർണ്ണയിക്കും.

2024 ജൂലൈ മുതൽ 2025 ജൂൺ വരെ 30-ലധികം ക്ലാസിക്കൽ റേറ്റഡ് ഗെയിമുകളിൽ മത്സരിച്ചിരിക്കണമെന്ന നിയമം മുൻനിർത്തി മുൻ ലോക ചാമ്പ്യൻമാരായ മാഗ്നസ് കാൾസൺ, വിശ്വനാഥൻ ആനന്ദ് തുടങ്ങിയ ഉയർന്ന പ്രൊഫൈൽ പേരുകളെ ഒഴിവാക്കി.

എറിഗൈസിയും ഗുകേഷും യഥാക്രമം ഒന്നും രണ്ടും സീഡുകളാണ്, അതേസമയം ആർ പ്രഗ്നാനന്ദ നാലാം സ്ഥാനത്താണ്, നോഡിർബെക്ക് അബ്ദുസത്തോറോവിന് തൊട്ടുപിന്നിൽ. മറ്റൊരു സ്റ്റാർ യുവതാരം 22 കാരനായ ലോക എട്ടാം നമ്പർ താരം അലിറേസ ഫിറോസ്ജ അഞ്ചാം സ്ഥാനത്താണ്.

ചെസ്സ് കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒന്നാണ് ഗ്രാൻഡ് സ്വിസ്, കാരണം ഇത് കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്കുള്ള ഒരു വഴിയാണ്. 2023 ലെ ഗ്രാൻഡ് സ്വിസ് കിരീടം ഇന്ത്യയുടെ വിദിത് ഗുജറാത്തി (ഓപ്പൺ), ആർ വൈശാലി (വനിതകൾ) എന്നിവർ നേടി.

ഓപ്പൺ ഇവന്റിലെ സമ്മാന തുക 625,000 ഡോളറാണ് (2023 ലെ 460,000 ഡോളറിൽ നിന്ന് വർദ്ധിപ്പിച്ചു). വനിതാ മത്സരത്തിൽ, സമ്മാന തുക 230,000 ഡോളറായിരിക്കും (2023 ലെ 140,000 ഡോളറിൽ നിന്ന് ഉയർന്നു).




ഏഷ്യൻ കപ്പ്‌ : ഇറാഖിനോട് കരുത്ത് തെളിച്ച് ഇന്ത്യൻ വനിതകൾ #FOOTBALL

 




ചിയാങ്‌ മയ്‌: എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ കരുത്ത് കാട്ടി ഇന്ത്യൻ വനിതാ ടീം. ഇറാഖിനെ അഞ്ച്‌ ഗോളിന്‌ തോൽപ്പിച്ചാണ് ഇന്ത്യ തുടർച്ചയായ മൂന്നാം ജയം കൊയ്തത്. ശനിയാഴ്‌ച ആതിഥേയരായ തായ്‌ലൻഡിനെ കീഴടക്കിയാൽ അടുത്തവർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കളിക്കാം. ഇന്ത്യക്കും തായ്‌ലൻഡിനും ഒമ്പത്‌ പോയിന്റാണ്‌. ഇരു ടീമുകളും 22 ഗോളടിച്ചപ്പോൾ ഒന്നും വഴങ്ങിയിട്ടില്ല.

ഇറാഖിനെതിരെ സംഗീത ബസ്‌ഫോർ, മനീഷ കല്യാൺ, കാർത്തിക അങ്കമുത്തു, നിർമല ദേവി, രത്തൻബാലാ ദേവി എന്നിവർ ഗോളടിച്ചു. മംഗോളിയയെ 13 ഗോളിനും തിമോർ ലെസ്‌റ്റിയെ നാല്‌ ഗോളിനും തോൽപ്പിച്ചു. തായ്‌ലൻഡ്‌ മംഗോളിയയെ 11 ഗോളിന്‌ മുക്കി സാധ്യതയിൽ ഇന്ത്യക്കൊപ്പമെത്തി. ഇറാഖിനെ ഏഴ് ഗോളിനും തിമോറിനെ നാല്‌ ഗോളിനും പരാജയപ്പെടുത്തി. ഇറാഖ്‌, തിമോർ, മംഗോളിയ ടീമുകൾ പുറത്തായി.

ജൂലൈ 2: ലോക സ്‌പോർട്‌സ് ജേണലിസ്റ്റ് ദിനം #Sports_Journalists_Day


ജൂലൈ 2 ലോക സ്‌പോർട്‌സ് ജേണലിസ്റ്റ് ദിനം. സ്‌പോർട്‌സ് മീഡിയ മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പ്രവർത്തന മേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അവരെ പ്രചോദിപ്പിക്കുന്നതിനുമായി ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു.

ഇന്റർനാഷണൽ സ്‌പോർട്‌സ് പ്രസ് അസോസിയേഷൻ (എഐപിഎസ്) ഫൗണ്ടേഷന്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിനായാണ് 1994-ൽ ലോക സ്‌പോർട്‌സ് ജേണലിസ്റ്റ് ദിനം ആദ്യമായി അവതരിപ്പിച്ചത്.

ക്ലബ് വേൾഡ് കപ്പ് ; പി.എസ്.ജി-മയാമി പോരാട്ടം ഇന്ന് #ClubWorldCup_PSG_MIAMI

 


അറ്റ്ലാന്റ : ക്ലബ് വേൾഡ് കപ്പിൽ ഇന്ന് മയാമി പി.എസ്.ജി പോരാട്ടം.  പ്രീ-ക്വാർട്ടറിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയെ മെസ്സി നയിക്കുന്ന ഇന്റർ മയാമി നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 9.30 ന് മത്സരം നടക്കും. കടുത്ത പോരാട്ടം തന്നെയാണ് ഇരു ടീമുകളുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ മയാമി ഒരു കളി പോലും തോറ്റില്ല. പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോയെ അവർ പരാജയപ്പെടുത്തിയെങ്കിലും, പാൽമിറാസ്, അൽ അഹ്ലി എന്നിവരുമായി അവർ സമനിലയിൽ പിരിയുകയാണുണ്ടായത്.

പി.എസ്.ജി അവരുടെ ആദ്യ മത്സരത്തിൽ ജയവും, പിന്നീടുള്ള രണ്ട് മത്സരത്തിൽ തോൽവിയും ജയവും നേടിയാണ് ഗ്രൂപ്പ് വിജയികളായത്.
മെസ്സിയെ കൂടാതെ, ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ തുടങ്ങിയ മുൻ ബാഴ്‌സലോണ കളിക്കാരും മിയാമി നിരയിലുണ്ട്. മെസ്സിക്ക് എതിരെ കളിക്കുന്നത് തന്റെ മുൻ ടീം  ആണെന്നതും ഈ  മത്സരത്തിന്റെ പ്രത്യേകത ആണ്.

ഐസിസി ടെസ്റ്റ് റാങ്കിംങ് : ഋഷഭ് പന്ത് 10 നുള്ളിൽ #ICC_Test_Rank



ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ ഋഷഭ് പന്തിന് ഉയർച്ചയുടെ നാളുകൾ. ഐസിസി ടെസ്റ്റ് റാങ്കിങിൽ കരിയറിലെ ഏറ്റവും മികച്ച 7 റാങ്ക്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഒരേ മത്സരത്തിൽ രണ്ട് സെഞ്ച്വറികൾ എന്ന നേട്ടമാണ് പന്തിനെ പട്ടികയിൽ സ്ഥാനക്കയറ്റം നേടിക്കൊടുത്തത്.  ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അഞ്ച് പടി ഉയർന്ന് 20-ാം സ്ഥാനത്തെത്തി.



ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല, ഹെഡിംഗ്ലി ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൂടി നേടിയതോടെ ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ ചാർട്ടിൽ ഒന്നാം സ്ഥാനം നിലനിർത്തി.

അതേസമയം, ഇംഗ്ലണ്ടിന്റെ വിജയത്തിൽ 62 ഉം 149 ഉം റൺസ് നേടിയ ബെൻ ഡക്കറ്റ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ എട്ടാം സ്ഥാനത്തേക്ക് കയറി.ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റ്സ്മാൻ ജോ റൂട്ട് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്നു.

ഒരേ മത്സരത്തിൽ ബാറ്റിംഗിലും ബോളിലും മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് മൂന്ന് സ്ഥാനങ്ങൾ കയറി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.





ക്ലബ്ബ് ലോകകപ്പ് : മിന്നി തിളങ്ങി മാഞ്ചസ്റ്റർ സിറ്റി കൂടെ റയലും യുവന്റസും #FIFA_CLUB_WORLDCUP


ജോർജിയ: ഫിഫ ക്ലബ്ബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റി യുഎഇ ക്ലബ്ബായ അൽ എയ്നെ എതിരില്ലാത്ത ആറു ഗോളുകൾക്കു തകർത്ത് മുന്നേറ്റം തുടരുകയാണ്. ജി ഗ്രൂപ്പിൽ മാഞ്ചസ്റ്ററിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആറു പോയിന്റുകളുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ആറു പോയിന്റുള്ള യുവെന്റസ് ഗോൾ ആനുകൂല്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.

മത്സരത്തിൽ യുഎഇ ക്ലബ്ബിനു മേൽ എല്ലാനിലയിലും സിറ്റിയുടെ സർവാധിപത്യമായിരുന്നു. ഇകായ് ഗുണ്ടോഗൻ ഇരട്ട ഗോളുകള്‍ നേടി. 8,78 മിനിറ്റുകളിലായിരുന്നു ഗുണ്ടോഗൻ വല കുലുക്കിയത്. ക്ലാഡിയോ എച്ചവെരി (27), എർലിങ് ഹാളണ്ട് (50, പെനാൽറ്റി), ഓസ്കർ ബോബ് (84), റയാൻ ചെര്‍ക്കി (89) എന്നിവരാണ് സിറ്റിയുടെ മറ്റ് ഗോൾ സ്കോറർമാർ.

റയൽ മഡ്രിഡ് മെക്സിക്കൻ ക്ലബ്ബ് പച്ചുക്കയെ 3–1നു തകർത്തു. യുവന്റസ് വൈഡാഡ് എസിയെ 4–1നും തോൽപിച്ചു. അതേസമയം ആർബി സാൽസ്ബർഗ്– അൽ ഹിലാൽ പോരാട്ടം ഗോള്‍ രഹിത സമനിലയിൽ അവസാനിച്ചു.

 

ഇന്ത്യ-പാക് യുദ്ധം ഇനി മൈതാനത്ത് : വനിത ക്രിക്കറ്റ് ലോകകപ്പ് സെപ്തംബറിൽ തുടക്കം #women's cricket_worldcup



പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ- പാകിസ്ഥാൻ പോര് ഇനി ക്രിക്കറ്റ് മൈതാനത്ത് വരുന്നു. വനിതാ ഏകദിന ലോകകപ്പ് സെപ്റ്റംബർ 30 ന് ആരംഭിക്കും.  കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക.ബി സി സി ഐയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പി സി ബി) തമ്മിലുള്ള ഹൈബ്രിഡ് കരാര്‍ പ്രകാരമാണ് കൊളംബോയിലെ ന്യൂട്രൽ സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്.



ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തോടെയാണ് ലോകകപ്പിന് അരങ്ങുണരുക. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരം ഒക്ടോബര്‍ 26-ന് ബെംഗളൂരുവിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഒക്ടോബര്‍ ഒന്നിന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പിൽ ഓസീസും ഇംഗ്ലണ്ടുമായിരുന്നു ഫൈനൽ മത്സരത്തില്‍ പോരാടിയത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0