ലെജൻഡ്സ് ലീഗിനെ ഗെറ്റ് ഔട്ട് അടിച്ച് പാക് ക്രിക്കറ്റ് ബോർഡ് #Cricket
ലഹോർ: ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ് ക്രിക്കറ്റിൽ ഇനി കളിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇത്തവണ ഫൈനലിൽ ദക്ഷിണാഫ്രിക്കയോടാണ് പാകിസ്ഥാൻ പരാജയപ്പെട്ടത്. ഗ്രൂപ്പ് മത്സരത്തിലും സെമി ഫൈനലിലും പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പിസിബിയുടെ തീരുമാനം.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീം പാകിസ്ഥാനുമായി കളിക്കില്ലെന്ന് നിലപാട് എടുത്തത്. ഈ വിഷയത്തിൽ സംഘാടകരുടെ നിലപാടിനോട് പാക് ക്രിക്കറ്റ് ബോർഡിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ ഇനി മുതൽ സ്വകാര്യ ലീഗുകളിൽ പാകിസ്ഥാന്റെ പേര് ഉപയോഗിക്കുന്നതിന് പിസിബിയുടെ അനുമതി വേണ്ടിവരും.
അതേസമയം ലെജൻഡ്സ് ഫൈനലിൽ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിനു തകർത്താണ് ദക്ഷിണാഫ്രിക്കചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.