ചിയാങ് മയ്: എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ കരുത്ത് കാട്ടി ഇന്ത്യൻ വനിതാ ടീം. ഇറാഖിനെ അഞ്ച് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ തുടർച്ചയായ മൂന്നാം ജയം കൊയ്തത്. ശനിയാഴ്‌ച ആതിഥേയരായ തായ്‌ലൻഡിനെ കീഴടക്കിയാൽ അടുത്തവർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കളിക്കാം. ഇന്ത്യക്കും തായ്‌ലൻഡിനും ഒമ്പത് പോയിന്റാണ്. ഇരു ടീമുകളും 22 ഗോളടിച്ചപ്പോൾ ഒന്നും വഴങ്ങിയിട്ടില്ല.
ഇറാഖിനെതിരെ സംഗീത ബസ്‌ഫോർ, മനീഷ കല്യാൺ, കാർത്തിക അങ്കമുത്തു, നിർമല ദേവി, രത്തൻബാലാ ദേവി എന്നിവർ ഗോളടിച്ചു. മംഗോളിയയെ 13 ഗോളിനും തിമോർ ലെസ്‌റ്റിയെ നാല് ഗോളിനും തോൽപ്പിച്ചു. തായ്‌ലൻഡ് മംഗോളിയയെ 11 ഗോളിന് മുക്കി സാധ്യതയിൽ ഇന്ത്യക്കൊപ്പമെത്തി. ഇറാഖിനെ ഏഴ് ഗോളിനും തിമോറിനെ നാല് ഗോളിനും പരാജയപ്പെടുത്തി. ഇറാഖ്, തിമോർ, മംഗോളിയ ടീമുകൾ പുറത്തായി.