ഒപ്പം നടന്നവരെയൊക്കെ കടത്തിവെട്ടി ചെൽസിയ്ക്ക് ലോക കിരീടം. ക്ലബ് ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്‌ജിയെ മൂന്ന് ഗോളിന് തകർത്താണ് ചെൽസിയുടെ കുതിപ്പ്. രണ്ടാംതവണയാണ് ഇംഗ്ലീഷ് ക്ലബ് ജേതാക്കളാകുന്നത്. രണ്ട് ഗോളടിക്കുകയും ഒരെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌ത കോൾ പാൽമറാണ് കളിയിലെ താരം.
ഗോളടിച്ച് മുന്നേറിയ പിഎസ്‌ജി ചെൽസിയുടെ കുതിപ്പുകളിൽ കാഴ്‌ചക്കാരായി മാറുന്നതാണ് കണ്ടത്. ഒരു ഘട്ടത്തിൽപ്പോലും കളിയിൽ നിയന്ത്രണം നേടാൻ ലൂയിസ് എൻറിക്വെയുടെ സംഘത്തിന് കഴിഞ്ഞില്ല. 16 ഗോളടിക്കുകയും ഒരു ഗോൾ മാത്രം വഴങ്ങുകയും ചെയ്‌ത പിഎസ്‌ജി ഫൈനലിൽ തീർത്തും നിറംകെട്ടു. പ്രതിരോധം മങ്ങി. പാൽമറുടെ ആദ്യഗോൾ ഫ്രഞ്ച് പ്രതിരോധത്തിന്റെ പിഴവിൽനിന്നായിരുന്നു. മാലോ ഗുസ്റ്റോയുടെ ഷോട്ട് തടഞ്ഞെങ്കിലും പന്തൊഴിവാക്കാനായില്ല. പാൽമർ അവസരം മുതലെടുത്ത് ബോക്‌സിന് തൊട്ടുമുന്നിൽവച്ച് അടിതൊടുത്തു. ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയ്‌ക്ക് ഒന്നും ചെയ്യാനായില്ല.
കളി തുടങ്ങി അരമണിക്കൂറിൽ രണ്ടാം ഗോളുമെത്തി. വലതുവശത്തുനിന്ന് അസാമാന്യ കുതിപ്പ് നടത്തിയ ഇംഗ്ലീഷുകാരൻ വീണ്ടും ബോക്‌സിന് മുന്നിൽനിന്ന് അടിപായിച്ചു. ഇക്കുറിയും ദൊന്നരുമ്മയ്‌ക്ക് തടയാനായില്ല.ഇടവേളയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് പെഡ്രോ മൂന്നാംഗോളും തൊടുത്തു. പാൽമറാണ് അവസരമൊരുക്കിയത്. രണ്ടാംപകുതിയിൽ പിഎസ്ജി ആഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെയും സെമിയിൽ റയൽ മാഡ്രിഡിനെയും തോൽപ്പിച്ചാണ് പിഎസ്‌ജി ഫൈനലിൽ കടന്നത്. റയലിനെതിരെ നാല്‌ഗോൾ ജയമായിരുന്നു നേടിയത്. മറുവശത്ത് എൺസോ മറെസ്‌കയെന്ന പരിശീലകന് കീഴിൽ മികച്ച കളിയാണ് ചെൽസി പുറത്തെടുത്തത്. ഉസ്‌മാൻ ഡെംബലെയും ഡിസയർ ദുവെയും അണിനിരന്ന പിഎസ്‌ജി മുന്നേറ്റത്തെ കൃത്യമായി തടയാൻ ചെൽസി പ്രതിരോധത്തിന് കഴിഞ്ഞു. പിഎസ്‌ജിക്ക് ഇതുവരെ ക്ലബ് ലോകകപ്പ് നേടാനായിട്ടില്ല.