Hema Committee Report എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Hema Committee Report എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഹേമ കമ്മറ്റി റിപ്പോർട്ട് : സാക്ഷികള്‍ ഇല്ല കേസുകള്‍ ഒഴിവാക്കാന്‍ എസ്ഐടി #hema_committee

 


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് കേസുകൾക്ക് വിരാമമിട്ട് എസ്ഐടി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 35 കേസുകളിലും തുടർനടപടികൾ ഉപേക്ഷിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേരള ഹൈക്കോടതിയെ അറിയിച്ചു. ഇരകളിൽ ആരും തന്നെ ഒരു കേസിലും മൊഴി നൽകാൻ മുന്നോട്ട് വന്നില്ല എന്നതാണ് കാരണം.

2017 ലെ നടിയെ ആക്രമിച്ച കേസിനുശേഷം കേരള സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി, മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡന പരാതികൾ അന്വേഷിച്ചിരുന്നു. അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, കൂടുതൽ അന്വേഷണത്തിനായി ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തു.

എസ്‌ഐടിയുടെ റിപ്പോർട്ട് കണക്കിലെടുത്ത്, രജിസ്റ്റർ ചെയ്ത കേസുകളിൽ ഇപ്പോൾ കൂടുതൽ നടപടി ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധി ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പൂർണ്ണ റിപ്പോർട്ട് നേരത്തെ കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു, വ്യവസായത്തിലെ ലൈംഗിക പീഡന പരാതികൾ അന്വേഷിക്കുന്നതിനായി എസ്‌ഐടിക്ക് റിപ്പോർട്ട് കൈമാറാൻ കോടതി നിർദ്ദേശിച്ചിരുന്നു.

നന്മ നിറഞ്ഞവരെന്ന് ചിലരെക്കുറിച്ച് കരുതും, അവരായിരിക്കും സെറ്റിലെ യഥാർത്ഥ തെമ്മാടികൾ -അർച്ചന കവി... #Archanakavi

 


സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമുക്ക് അതിജീവിതമാരുടെ വിഷമങ്ങൾ മനസിലാവൂ എന്ന് നടി അർച്ചന കവി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങളേക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. തനിക്ക് മോശം അനുഭവമുണ്ടായില്ലെന്നുകരുതി അയാൾ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് താൻ അർത്ഥമാക്കുന്നില്ല. ആ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നത്. ആരോപണവിധേയൻ നിരപരാധിത്വം തെളിയിച്ച് വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം നിൽക്കും. ഇത്രയും നന്മ ചെയ്യുന്നവർ ഈ ഭൂമിയിൽ വേറെയുണ്ടാവില്ലെന്ന് ചിലരെക്കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാർത്ഥ തെമ്മാടികൾ. നമ്മുടെ മനസിന്റെ ദൗർബല്യം എന്താണെന്ന് അറിയുന്ന അവർ ഷോട്ടെടുക്കുന്നതിന് തൊട്ടുമുൻപ് എല്ലാവരുടേയും മുന്നിൽവെച്ച് അപമാനിക്കുംവിധം സംസാരിക്കും. അസ്വസ്ഥത തോന്നുമെങ്കിലും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കേണ്ടിവരുമെന്നും അർച്ചന പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതുമുതൽ മാധ്യമങ്ങൾ തന്റെ നിലപാടറിയാൻ വിളിച്ചുകൊണ്ടിരുന്നുവെന്നും പക്ഷേ വ്യക്തിപരമായി താനതിന് തയ്യാറായിരുന്നില്ലെന്നും സ്വന്തം യുട്യൂബ് ചാനലിലൂടെ അർച്ചന കവി പറഞ്ഞു. ഡബ്ല്യൂ.സി.സിയോടാണ് ആദ്യമായി നന്ദി പറയാനുള്ളത്. സിനിമാ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അവരിൽ കുറച്ചുപേരെ വ്യക്തിപരമായി അറിയാം. അവരുടെ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അറിയാം. അവരെക്കുറിച്ചോർത്ത് അഭിമാനംതോന്നുന്നുവെന്നും അവർ പറഞ്ഞു.

"അ‍ഞ്ചും പത്തും വർഷം മുൻപ് നടന്ന കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. എന്റെ പ്രായത്തിലുള്ളവർ പോലും ഈ ചോദ്യം ചോദിക്കുന്നുണ്ട്. കുട്ടികളിൽ വിവരങ്ങളാണ് നമ്മൾ നിറച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ സ്കൂളിൽ പഠിക്കുകയാണെന്നും ഒരു വിഷയത്തിൽ രണ്ടുവർഷമായി കുറച്ച് മോശമാണെന്നും കരുതുക. ഇതേവർഷവും പരീക്ഷയെഴുതി ഉത്തരക്കടലാസ് കിട്ടുമ്പോൾ അതേ വിഷയത്തിൽ പരാജയപ്പെട്ടു. ടീച്ചർ പറയുകയാണ് രക്ഷിതാവിനെക്കൊണ്ട് ഒപ്പിടുവിച്ച് കൊണ്ടുവരാൻ,. മാർക്കിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, നിങ്ങളെ മനസിലാക്കുന്ന രക്ഷിതാവല്ല എന്നുകൂടി കരുതുക. ഒരുപാട് കുട്ടികൾ സ്വയം ഒപ്പിട്ട് കൊണ്ടുപോകുമായിരിക്കും. മറ്റുചിലർ അത് എവിടെയെങ്കിലും ഒളിപ്പിച്ചിട്ട് മറന്നുപോയെന്ന് ടീച്ചറോട് കള്ളം പറയും. എങ്കിലും ചിലർ ആ ഉത്തരക്കടലാസിൽ ഒപ്പിടുവിക്കാൻ രക്ഷിതാക്കളെ കാണിക്കും.

സിദ്ദിഖിന് പകരം ആര്?; ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ ചേരും... #AMMA

 


താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് യോഗം.

സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്.

ഇതിനിടെ ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം. ദിലീപ് ചിത്രത്തിനായാണ് സിദ്ദിഖ് ഊട്ടിയിലെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ പ്രത്യേക സംഘത്തെ നിയമിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിന്‍ ജോസഫ്, വി അജിത്ത്, എസ് മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.

തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, പൊലീസ് വിളിച്ചാല്‍ മൊഴി നല്‍കാന്‍ തയാര്‍: ടൊവിനോ തോമസ്... #Tovino_Thomas

 


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുള്ളവരെക്കുറിച്ച് കൂടുതല്‍ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍  ടൊവിനോ തോമസ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സിനിമാ മേഖലയില്‍ മാത്രമല്ല ഏത് രംഗത്തായാലും തൊഴില്‍ രംഗത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ പറഞ്ഞു. നിലവിലുള്ള നിയമ സംവിധാനത്തില്‍ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്. ആള്‍ക്കൂട്ട വിചാരണ അല്ല എല്ലാം നിയമത്തിന്റെ വഴിക്ക് എല്ലാം നടക്കണം. മാറ്റം എല്ലാ ജോലിസ്ഥലത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുറത്തുവരുന്ന ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ടൊവിനോ സ്വാഗതം ചെയ്തു. കുറ്റാരോപിതര്‍ മാറിനില്‍ക്കുന്നത് അന്വേഷണത്തിന് ആവശ്യമാണ്. പൊലീസ് വിളിച്ചാല്‍ താനും മൊഴി നല്‍കാന്‍ തയ്യാറാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ലൈംഗിക ആരോപണങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുക. ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്.

സിനിമാ മേഖലയിലെ ലൈംഗിക പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍; പ്രത്യേക സംഘത്തെ നിയോഗിക്കും... #Pinarayi_Vijayan

ചലച്ചിത്ര മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൂടിക്കാഴ്ച നടത്തി. ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്. 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തായ നടുക്കുന്ന ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാന്‍ നിയമപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. പരാതിക്കാര്‍ക്ക് രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് പൊലീസുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. പരാതിയുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കും.
നവമാധ്യമങ്ങളിലൂടെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ സര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ട് അവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തും. ശേഷം കേസെടുത്ത് മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കും. ലൈംഗിക ആരോപണങ്ങളില്‍ കേസെടുക്കാത്തതില്‍ പ്രതിപക്ഷവും സിനിമാ പ്രവര്‍ത്തകരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്.

സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇരകൾ.. മലയാള സിനിമയിലെ തുറന്നു പറച്ചിലുകൾ തുടരുന്നു.. #ActorSudheer

മലയാള സിനിമയിൽ സ്‌ത്രീകൾക്ക്‌ മാത്രമല്ല പുരുഷന്മാർക്കും പല തരത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെന്ന് തുറന്നു പറയുകയാണ് വില്ലനായും നായകനായും തിളങ്ങിയ സുധീർ.

കൊല്ലം തുളസിക്ക് നേരിടേണ്ടി വന്ന അനുഭവം വൈറലായത്തിന് പിന്നാലെയാണ് സുധീറിന്റെ അനുഭവവും പുറത്ത് വരുന്നത്.
 
കരിയറിൻ്റെ മധ്യത്തിൽ ക്യാൻസർ ബാധിതനായ സുധീർ അതിനെയെല്ലാം അതിജീവിച്ച് മുന്നേറി.   ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.
  ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തൻ്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങൾ തുറന്നു പറയുകയാണ് താരം.   മൂന്ന് വർഷത്തോളം ഒരു സ്ത്രീ തന്നെ ഉപയോഗിച്ചിരുന്നതായി സുധീർ വെളിപ്പെടുത്തി.   ഈ അഭിമുഖത്തിൽ താരത്തിനൊപ്പം സുധീറിൻ്റെ ഭാര്യ പ്രിയയും ഉണ്ടായിരുന്നു.

  'മൂന്ന് വർഷത്തോളം എന്നെ ഒരു സ്ത്രീ കീപ്പിനെ പോലെ കൊണ്ട് നടന്നു.   അവർ എന്നെ പല കാര്യങ്ങളും ചെയ്യിച്ചു.   എനിക്ക് ഇഷ്ടം പോലെ പെസ തന്നു.   അവർ ഒരു വലിയ മനുഷ്യനാണ്.   അവർ പറയുന്ന ജോലികളെല്ലാം ചെയ്യുമായിരുന്നു.   അവർ എന്നെ ഉപയോഗിക്കുകയായിരുന്നു.   പ്രതിച്ഛായയും ജോലിയുമില്ലാത്ത കാലമായിരുന്നു അത്.   കുറച്ച് സമയത്തിന് ശേഷം അവർ എന്നെ ഒഴിവാക്കി.   എവിടെ പോയി പരാതി പറയും?   ആരാണ് എനിക്ക് നീതി തരുക?   എനിക്ക് നീതി വേണം എന്ന് കോടതിയിൽ പോയി പറഞ്ഞാൽ എനിക്ക് നീതി കിട്ടുമോ?   ഞാൻ സത്യം പറയുന്നു, ഞാൻ എൻ്റെ ഭാര്യയോടും പറയുന്നു.   അവരുടെ റിയൽ എസ്റ്റേറ്റും മറ്റും ഞാൻ നോക്കിയിരുന്നു.   ചതിയാണെന്ന് അവസാനമായി അറിയാം', - സുധീർ.

  അതേസമയം, തങ്ങളുടെ ഏക്കർ കണക്കിന് ഭൂമി എഴുതിക്കൊടുക്കാൻ തരാം പുള്ളിയെ അനുവദിക്കുമോ എന്ന് ചോദിച്ചതായി ഭാര്യ പ്രിയയും പറഞ്ഞു.   അതിന് സമ്മതിക്കാതെ വന്നപ്പോഴാണ് അവർ എന്നെ ഉപേക്ഷിച്ചതെന്നും സുധീർ വ്യക്തമാക്കുന്നു.   ഒന്നും അറിയാത്ത കുട്ടിക്കാലം മുതൽ ഒരുപാട് പുരുഷന്മാർ ഇത് ഉപയോഗിച്ചിട്ടുണ്ട്.   അന്ന് ബോധമില്ലാത്തതിനാൽ ആരോട് പോയി പരാതി പറയുമെന്ന് താരം ചോദിച്ചു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്, രണ്ടു വന്മരങ്ങള്‍ വീണു ; സംവിധായകന്‍ രഞ്ജിത്തും നടന്‍ സിദ്ധിക്കും സ്ഥാനങ്ങള്‍ രാജിവച്ചു. ഇനിയും മൂടുപടങ്ങള്‍ അഴിഞ്ഞുവീഴുമെന്ന് അനൌപചാരിക വെളിപ്പെടുത്തല്‍.. #HemaCommitteeReport


 


ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള ചലച്ചിത്ര മേഖലയില്‍ നടക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിന്‍മേല്‍ വിവാദങ്ങള്‍ പുകയുന്നതിനു പിന്നാലെ രണ്ടു സുപ്രധാന സംഭവങ്ങള്‍ക്കാണ് ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചത്.

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നായിരുന്നു എൽ‌ഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.


അതേസമയം അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്. രാജികത്ത് അമ്മ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. രണ്ടു വരിയിലാണ്
സിദ്ദിഖിന്റെ രാജി കത്ത്. ‘നിലവിലെ ആരോപണങ്ങൾ അറിഞ്ഞു കാണുമല്ലോ,
ഈ സാഹചര്യത്തിൽ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ അനുവദിക്കണം’-എന്നാണ് രാജികത്തിലുള്ളത്.


'ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടുമില്ല, കതകിൽ വന്ന് മുട്ടിയിട്ടുമില്ല'; നടി ജോമോൾ... #Hema_Committe

 


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ജോമോൾ. ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. റിപ്പോർട്ടിലുള്ള പ്രമുഖർ ആരെന്ന് അറിയില്ല.

എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. കൂടെ സഹകരിച്ചാൽ മാത്രമേ ചാൻസ് തരുകയുള്ളുവെന്ന് ആരും പറഞ്ഞിട്ടില്ല. എന്നും ഇരകൾക്ക് ഒപ്പമെന്നും ജോമോൾ പറഞ്ഞു. ഒരു പ്രമുഖ നടി പറയുന്നു മാറ്റിനിർത്തിയിട്ടുണ്ട് എന്ന അങ്ങനെയെങ്കിൽ ഒരു സമയത്ത് എനിക്കും അവാർഡുകൾ കിട്ടിയിട്ടുണ്ട് ഞാനും മാറി നിന്നുവെന്നും ജോമോൾ പറഞ്ഞു.

അതേസമയം ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു.

തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്. സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എൻ്റെ ജീവിതത്തിൽ അത്തരമൊരു പവർ ഗ്രൂപ്പിനെ പറ്റി അറിയില്ല.

രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2006 ൽ നടന്ന സംഭവത്തെ പറ്റി ഒരു പരാതി മുമ്പ് കിട്ടിയിരുന്നു. അത് ഒഴിവാക്കാന്‍ പാടില്ലായിരുന്നു. അതിൽ ഇനി എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആലോചിക്കും. അത് മാത്രമാണ് അമ്മയ്ക്ക് കിട്ടിയ ഏക പരാതിയെന്നും സിദ്ദിഖ് പ്രതികരിച്ചു. ഞങ്ങളുടെ പല അംഗങ്ങളെയും ഹേമ കമ്മിറ്റി വിളിച്ചിട്ടില്ല.

മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ ചോദിച്ചത് എന്നാണ് പറഞ്ഞത്. മുമ്പ് മീറ്റിംഗ് നടക്കുമ്പോൾ റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

മലയാളി സംവിധായകനില്‍ നിന്നുണ്ടായത് ബാഡ് ടച്ച്, കഴുത്തില്‍ സ്പര്‍ശിക്കാന്‍ നോക്കിയപ്പോള്‍ ഇറങ്ങിയോടി; ബംഗാളി നടിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍... #Hema_Committe

മലയാള സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തനിക്ക് സംവിധായകനില്‍ നിന്നുണ്ടായ നടുക്കുന്ന മോശം അനുഭവം  പങ്കുവച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തന്നോട് സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നും തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും ശ്രീലേഖ പറഞ്ഞു. എതിര്‍ത്ത് മുറിയില്‍ നിന്ന് ഇറങ്ങിപ്പോയ തനിക്ക് തിരികെ പോകാനുള്ള പണം പോലും സിനിമയുടെ നിര്‍മാതാക്കളില്‍ നിന്ന് ലഭിച്ചില്ലെന്നും പിന്നീട് മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയ്ക്കുള്ളില്‍ നടക്കുന്ന തൊഴില്‍, ലൈംഗിക ചൂഷണങ്ങളുടെ കാണാപ്പുറങ്ങള്‍ തേടുന്ന ട്വന്റിഫോറിന്റെ പ്രത്യേക ലൈവത്തോണിലായിരുന്നു ബംഗാളി നടിയുടെ പ്രതികരണം. 

ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ മുതലായ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവമുണ്ടായതെന്ന് നടി വിവരിക്കുന്നു. നിര്‍മാതാവ് ഉള്‍പ്പെടെ വരുന്നു പരസ്പരം എല്ലാവരെയും പരിചയപ്പെടുത്താനാണ് വിളിച്ചത്. പെട്ടെന്ന് സംവിധായകന്‍ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു. ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. അത്തരം വളകള്‍ കണ്ട കൗതുകമാണെന്നാണ് കരുതിയത്. അത് തികച്ചും നിഷ്‌കളങ്കമായ പ്രവൃത്തിയെന്ന ആനുകൂല്യം അയാള്‍ക്ക് നല്‍കാം എന്ന് കരുതി. എന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്റെ മുടിയിഴകളില്‍ തലോടാന്‍ തുടങ്ങി. എന്റെ കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. ടാക്‌സി പിടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തില്‍ കഴിച്ചുകൂട്ടിയതെന്ന് നടി പറഞ്ഞു.

പ്രശസ്ത സംവിധായകൻ റൂമിലേക്ക് വിളിപ്പിച്ചു, ഞാൻ ബാപ്പയേയും കൂട്ടിയാണ് ചെന്നത് -നടി ഉഷ... #Hema_Committee



ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ ഹസീന. ദുരനുഭവമുണ്ടായ കുട്ടികൾതന്നെയാണല്ലോ മൊഴി കൊടുത്തിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതിൽ പല കാര്യങ്ങളും നമ്മൾ നേരത്തേ അറിഞ്ഞതാണ്. ഇപ്പോൾ ഈ റിപ്പോർട്ട് വന്നപ്പോൾ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നുള്ളതാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇതുപോലുള്ള ദുരനുഭവങ്ങൾ നേരിട്ടവർ നേരത്തേ അതേക്കുറിച്ച് പങ്കുവെച്ചിരുന്നുവെന്നും ഉഷ പറഞ്ഞു.

സിനിമാ മേഖല മൊത്തത്തിൽ അത്തരം ആളുകളാണെന്ന് പറയാനാവില്ലെന്ന് ഉഷ വ്യക്തമാക്കി. കുറച്ചുപേർ മോശമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികളായി പരാമർശിച്ചിരിക്കുന്ന ആളുകളിൽ പലരും വിവിധ സംഘടനകളുടെ ഉന്നത സ്ഥാനത്തിരിക്കുന്നുണ്ട്. അങ്ങനെയുള്ളവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവർ ഇതുതന്നെ തുടരും. അവർക്കെതിരെ നടപടിയെടുക്കുകയും മാറ്റിനിർത്തുകയും വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അവർ ചൂണ്ടിക്കാട്ടി.

ദുരനുഭവം നേരിട്ട പെൺകുട്ടികൾ പരാതി കൊടുക്കാൻ തയ്യാറാവണം. പരാതി കൊടുത്തില്ലെങ്കിൽ ഇനിയും ഇതുതന്നെ നടക്കും. താനഭിനയിച്ചുതുടങ്ങിയ കാലം മുതൽ സ്ത്രീകൾ ചൂഷണത്തിന് വിധേയരാവുന്നുണ്ടായിരുന്നെന്നും അത് ഇന്നും തുടരുന്നുവെന്നുമാണ് ശാരദാ മാഡം പറഞ്ഞത്. പവർ ​ഗ്രൂപ്പ് സിനിമയിൽ ഉണ്ടെന്നാണ് കരുതുന്നത്. എനിക്ക് മോശം അനുഭവമുണ്ടായപ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ട്.

"ഞാൻ സിനിമയിൽ വന്ന സമയത്താണ്. ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അദ്ദേഹം വലിയ കുഴപ്പക്കാരനാണെന്ന് പലരും പറഞ്ഞിരുന്നു. പിന്നെ എനിക്ക് കൂടെ ബാപ്പയുണ്ടെന്നുള്ള ധൈര്യമുണ്ടായിരുന്നു. ഈ സംവിധായകന്റെ ഓരോ രീതികളുണ്ട്. നമുക്ക് വലിയ സ്വാതന്ത്ര്യമാണ് ആദ്യ ദിവസങ്ങളിൽ തരിക. പക്ഷേ പിന്നീട് പുള്ളി നമ്മളോട് മുറിയിലേക്ക് ചെല്ലാൻ ഫോണിലൂടെ ആവശ്യപ്പെടും. എന്നോട് പറഞ്ഞപ്പോൾ ഞാൻ ബാപ്പയേയും കൂട്ടിയാണ് ചെന്നത്. പിന്നെ സെറ്റിൽ ചെല്ലുമ്പോൾ നമ്മളോട് വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറയുകയും അവഹേളിക്കുകയും ചെയ്യും.

ഒരിക്കൽ ഞാൻ സഹികെട്ട് ചെരിപ്പൂരി അടിക്കാൻ ചെന്നു. അന്നത് ചില മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു. പല കാര്യങ്ങളും നമ്മൾ പ്രതികരിച്ചതിന്റെ പേരിൽ ചിലർ മാറ്റിനിർത്തിയിട്ടുണ്ട്. പവർ ​ഗ്രൂപ്പ് ഉണ്ടെന്ന് ഇന്നെനിക്ക് തോന്നുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് അന്ന് അറിയില്ലായിരുന്നു." ഉഷ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട്: 'മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണം'; വനിതാ കമ്മീഷൻ അധ്യക്ഷ... #Hema_Committee

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മൊഴികൾ ആർക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

മൊഴികളിൽ ഉറച്ച് നിൽക്കണമെന്നും തെറ്റായ പ്രവർത്തികൾ ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പി സതീദേവി പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പി സതീദേവി ട്വന്റിഫോറിനോട് പ്രതികരിച്ചു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും.

റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായി പുറത്തുവരണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി.ജി.പിയ്ക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0