ചെന്നൈ: കടംവാങ്ങിയ പണം തിരികെ നൽകിയില്ലെന്നതിന്റെ പേരിൽ തെരുവിലൂടെ വലിച്ചിഴക്കപ്പെട്ട 53-കാരൻ ജീവനൊടുക്കി. കൃഷ്ണഗിരി ജില്ലയിലെ ഉത്തങ്കരൈയ്ക്കടുത്തുള്ള കൊട്ടാരപട്ടി ഗ്രാമത്തിലെ കൂലിത്തൊഴിലാളി വേലുമണിയാണ് മരിച്ചത്.
സംഭവത്തിൽ വേലുമണിയോട് ക്രൂരമായി പെരുമാറിയ മണ്ണടിപ്പെട്ടി സ്വദേശി ധനപാലനെ (63) പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌വാനൻ എന്നയാളെ തിരയുന്നു. ഇവരിൽനിന്ന് വേലുമണി കടംവാങ്ങിയ 50,000 രൂപ തിരികെ നൽകിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം തുടങ്ങിയത്.
പണംനൽകിയെന്നും ഇതിനുള്ള തെളിവുണ്ടെന്നും വേലുമണി അറിയിച്ചുവെങ്കിലും അവർ വേലുമണിയെ മർദിച്ചവശനാക്കി. കഴുത്തിൽ തുണിചുറ്റി വീട്ടിൽനിന്ന് തെരുവിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി സമീപത്തെ ക്ഷേത്രത്തിനുമുന്നിൽ തള്ളുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഭാര്യ അംബിക വേലുമണിയെ വീട്ടിലേക്ക് കൊണ്ടുവന്നു. പൊതുമധ്യത്തിൽ അപമാനിച്ച സംഭവം വേലുമണിയെ ഏറെ വേദനിപ്പിച്ചിരുന്നു.
അംബിക അയാളെ സമാധാനാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അല്പനേരത്തിനകം വേലുമണി വീട്ടിൽനിന്നിറങ്ങി. ഏതാനും മണിക്കൂറിനുശേഷം തിരികെവന്നപ്പോൾ വിഷംകഴിച്ചിട്ടുണ്ടെന്ന വിവരം അംബികയെ അറിയിച്ചു. ഉടൻ ഊത്തങ്കര സർക്കാർ ആശുപത്രിയിലും പിന്നീട് കൃഷ്ണഗിരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. തുടർന്ന് അംബിക ഊത്തങ്കര പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു.
53-year-old man commits suicide after being dragged through the streets over debt

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.