• വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യത. നാളെ രണ്ട്
ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
അറിയിച്ചു. തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ
ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി തിങ്കളാഴ്ച വരെ വിവിധ
ജില്ലകളില്‍ മഴയുണ്ടാകും.
• കൈക്കൂലി ആരോപണങ്ങൾ നേരിട്ട എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി
ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. കൊച്ചിയിൽ സ്വർണ്ണക്കടത്ത്
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു.
• കഴിഞ്ഞ വർഷം മേയ് 24 ന് കൊച്ചി തീരത്തിന് സമീപം നടന്ന എം എൽ സി എല്‍സ 3
കപ്പലപകടവുമായി ബന്ധപ്പെട്ട് 1227.62 കോടി രൂപ ഹൈക്കോടതിയിൽ ബാങ്ക്
ഗാരന്റിയായി കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി. വിധി
അനുകൂലമായാല്‍ പലിശ തുക ഉൾപ്പെടെ ഇത് സംസ്ഥാനത്തിന് ലഭിക്കും.
• വിദ്യാർഥി വിസക്കാർക്കുള്ള
മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ബി1, ബി2 വിസക്കാർക്കും
അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്. വിസ ദുരുപയോഗിക്കുകയോ അനുവദിച്ചതിലും
കൂടുതൽ കാലം താമസിക്കുകയോ ചെയ്‌താൽ സ്ഥിരം യാത്രാവിലക്ക്
ഏർപ്പെടുത്തുമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസി നൽകുന്ന മുന്നറിയിപ്പ്.
• സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാർട്ട്
ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ
പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക് സാക്ഷര കേരളം
പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിയിരുന്നു.
• മണിപ്പൂര്‍ വംശീയ കലാപത്തിനിടെ മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കി
ജനക്കൂട്ടത്തിനിടയിലൂടെ നടത്തുകയും രണ്ട് പേരെ കൂട്ടബലാത്സംഗം ചെയ്യുകയും
ഇവരുടെ രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസുകളില്‍ ആറ് പേര്‍
കുറ്റക്കാരാണെന്ന് ഗുവാഹട്ടിയിലെ പ്രത്യേക സിബിഐ കോടതി. കേസില്‍ വിചാരണ
ആരംഭിക്കാനും കോടതി ഉത്തരവിട്ടു.
• ഗർഭാവസ്ഥ തുടരാൻ ഒരു സ്ത്രീയെ നിർബന്ധിക്കുന്നത് അവരുടെ ശാരീരികമായ
പരമാധികാരത്തെ ലംഘിക്കുന്നതാണെന്നും മാനസികാഘാതം വർദ്ധിപ്പിക്കുമെന്നും
ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ സമ്മതമില്ലാതെ 14 ആഴ്ച പ്രായമുള്ള ഭ്രൂണം
ഗർഭച്ഛിദ്രം നടത്തിയതിന് ഭാര്യയ്‌ക്കെതിരെ എടുത്ത ക്രിമിനൽ കേസ്
റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.