Morning News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Morning News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റ നോട്ടത്തിൽ - 09/01/2026 - #MalayalamNewsHeadlines #MorningNews

• വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യത. നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ മഴയുണ്ടാകും.

• കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് പുതിയ പദ്ധതിയുമായി നോർക്ക റൂട്സ്. ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസുമായുളള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി.

• കൈക്കൂലി ആരോപണങ്ങൾ നേരിട്ട എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണ‌നെ സർവീസിൽ നിന്ന് നീക്കി. കൊച്ചിയിൽ സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു.

• ക‍ഴിഞ്ഞ വർഷം മേയ് 24 ന് കൊച്ചി തീരത്തിന് സമീപം നടന്ന എം എൽ സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് 1227.62 കോടി രൂപ ഹൈക്കോടതിയിൽ ബാങ്ക് ഗാരന്റിയായി കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി. വിധി അനുകൂലമായാല്‍ പലിശ തുക ഉൾപ്പെടെ ഇത് സംസ്ഥാനത്തിന് ലഭിക്കും.

• വിദ്യാർഥി വിസക്കാർക്കുള്ള മുന്നറിയിപ്പിന്‌ പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ബി1, ബി2 വിസക്കാർക്കും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്‌. വിസ ദുരുപയോഗിക്കുകയോ അനുവദിച്ചതിലും കൂടുതൽ കാലം താമസിക്കുകയോ ചെയ്‌താൽ സ്ഥിരം യാത്രാവിലക്ക്‌ ഏർപ്പെടുത്തുമെന്നാണ്‌ ഇന്ത്യയിലെ യുഎസ്‌ എംബസി നൽകുന്ന മുന്നറിയിപ്പ്‌.

• സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിയിരുന്നു.

• മണിപ്പൂര്‍ വംശീയ കലാപത്തിനിടെ മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കി ജനക്കൂട്ടത്തിനിടയിലൂടെ നടത്തുകയും രണ്ട് പേരെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസുകളില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് ഗുവാഹട്ടിയിലെ പ്രത്യേക സിബിഐ കോടതി. കേസില്‍ വിചാരണ ആരംഭിക്കാനും കോടതി ഉത്തരവിട്ടു.

• ഗർഭാവസ്ഥ തുടരാൻ ഒരു സ്ത്രീയെ നിർബന്ധിക്കുന്നത് അവരുടെ ശാരീരികമായ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നും മാനസികാഘാതം വർദ്ധിപ്പിക്കുമെന്നും ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ സമ്മതമില്ലാതെ 14 ആഴ്ച പ്രായമുള്ള ഭ്രൂണം ഗർഭച്ഛിദ്രം നടത്തിയതിന് ഭാര്യയ്‌ക്കെതിരെ എടുത്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റ നോട്ടത്തിൽ - 08/01/2026 - #MalayalamNewsHeadlines #MorningNews

• പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി അദ്ധ്യക്ഷനും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു. ബുധനാഴ്ച രാത്രി പൂനെയിലാണ് അന്ത്യം.

• ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതി ഗോവർധനിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിൻറെ ശാസ്ത്രീയ പരിശോധന ഫലം ഇന്നു വരും. പരിശോധന ഫലം അനുകൂലമായാൽ , സ്വർണ്ണം വീണ്ടെടുക്കൽ തുടങ്ങിയ അന്വേഷണ നടപടികൾക്ക് നിർണായക വഴിത്തിരിവാകും എന്നാണ് എസ്.ഐ.ടി പ്രതീക്ഷ.

• ജമ്മു കശ്‌മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിൽ എംബിബിഎസ് കോഴ്‌സ് നടത്താനുള്ള അനുമതി പിൻവലിച്ച് ദേശിയ മെഡിക്കൽ കമ്മീഷൻ. 2025-26 അധ്യയന വർഷത്തേക്കുള്ള എംബിബിഎസ് കോഴ്‌സ് നടത്താൻ നൽകിയ അനുമതി കത്താണ് പിൻവലിച്ചത്.

• കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായ കടൽക്ഷോഭ മുന്നറിയിപ്പുകളും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി സംസ്ഥാന സർക്കാർ. 2025 മെയ് 18 മുതൽ 31 വരെയുള്ള 14 ദിവസങ്ങളിൽ തൊഴിലിന് പോകാൻ കഴിയാതിരുന്ന 1,72,160 കുടുംബങ്ങൾക്കായി 48.2 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

• സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കറിന്. മന്ത്രി വി എൻ വാസവൻ ആണ് പ്രഖ്യാപനം നടത്തിയത്.

• വിജയ് ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിൽ. ചിത്രം രണ്ടാമതും സെൻസറിങ്ങിന് വിധേയമായതോടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല. ജനനായകന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന 9ന് രാവിലെ വിധി പ്രസ്താവിക്കാനാണ് സാധ്യത.

• സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ.

• മണിപ്പൂര്‍ കലാപക്കേസില്‍ മുന്‍ മുഖ്യമന്ത്രി ബീരേണ്‍ സിങിന്റെ ശബ്ദരേഖ പരിശോധിക്കണമന്ന് സുപ്രീംകോടതി.ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റ നോട്ടത്തിൽ - 07/01/2026 - #MalayalamNewsHeadlines #MorningNews

• ശബരിമലയിൽ തീർത്ഥാടക തിരക്കിൽ റെക്കോർഡ്. ഇന്നലെ മാത്രം ദർശനം നടത്തിയത് 1,13,168 പേരാണ്. ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്ക് രേഖപ്പെടുത്തിയ ദിവസം കൂടിയാണിത്.

• നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ( ഐഎസ്എൽ) പുതിയ സീസണിന്റെ മത്സരങ്ങൾ ഫെബ്രുവരി 14 ന് ആരംഭിക്കാൻ തീരുമാനിച്ചു. കേന്ദ്ര കായിക മന്ത്രി ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐ എസ് എല്ലിലെ 14 ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. ആകെ 91 മത്സരങ്ങളാണ് ഈ സീസണിൽ ഉണ്ടാവുക.

• രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി. കേസിൽ കക്ഷി ചേരാൻ അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകി. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.

• കെഎസ്ആർടിസിയുടെ ചരിത്രവിജയത്തിൽ ഇടത് സർക്കാറിന്‍റെ ഫലപ്രദമായ ഇടപെടലിന്‍റെ ഫലമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തിങ്കളാഴ്ച കെഎസ്ആർടിസി 13 കോടി രണ്ട് ലക്ഷം രൂപയെന്ന റെക്കോർഡ് പ്രതിദിന വരുമാനം തൊട്ടിരുന്നു. കെഎസ്ആർടിസിയെ ഇടതു സർക്കാർ തിരിച്ച് കൊണ്ടുവരുകയാണെന്ന് മന്ത്രി പറഞ്ഞു.

• മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രധാന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

• ശബരിമല സ്വർണമോഷണ കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അരങ്ങേറിയത് വൻ ഗൂഢാലോചനയെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചു. സ്വര്‍ണക്കവര്‍ച്ച സംഘടിത കുറ്റകൃത്യമെന്നും എസ്‌ഐടി വ്യക്തമാക്കി.

• കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യ ബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് പട്രോളിംഗ് സംഘം പിടികൂടി. വിഴിഞ്ഞത്ത് നിന്നും ഏഴ് കിലോമീറ്റർ ഉള്ളിലായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്.

• സംസ്ഥാനത്തെ വോട്ടർപട്ടിക തീവ്ര പുനഃപരിശോധന ഹിയറിങ്ങിന്റെ സർവ ഉത്തരവാദിത്വവും മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നൽകിയതിൽ വ്യാപക ആക്ഷേപം. കരട് പട്ടികയിൽ ഉൾപ്പെട്ട 2.54 കോടി വോട്ടർമാരിൽ, 2002-ലെ എസ്ഐആറുമായി ബന്ധിപ്പിക്കാൻ കഴിയാത്ത 19.32 ലക്ഷം പേരാണുള്ളത്‌. എന്നാലിവരുടെ ബൂത്തുതല വിവരം പ്രസിദ്ധീകരിക്കാനോ രാഷ്ട്രീയ പാർടികൾക്ക് നൽകാനോ കമീഷൻ തയ്യാറായിട്ടില്ല.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റ നോട്ടത്തിൽ - 06/01/2026 - #MalayalamNewsHeadlines #MorningNews

• തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. SIR ലെ ഭരണഘടന സാധുത ചോദ്യംചെയ്തുള്ള ഹർജികൾ ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.

• അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.

• മലിന ജലം കുടിച്ചു 16ഓളം പേര് ഇൻഡോറിലെ ഭാഗീരത്പുരയിൽ മരിച്ചതിൽ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. മധ്യപ്രദേശ് സർക്കാർ കോടതി നിർദേശ പ്രകാരം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം മധ്യപ്രദേശ് സർക്കാർ കഴിഞ്ഞ ദിവസം മലിന ജലം കുടിച്ചുള്ള ആരോഗ്യ പ്രശ്നം പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.

• ശബരിമല സ്വർണ്ണ മോഷണക്കേസിൽ എസ് ഐ ടി യുടെ അന്വേഷണത്തിൽ പൂർണ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. തികച്ചും പ്രൊഫഷണലായും സൂക്ഷ്മവുമായാണ് അന്വേഷണം നടക്കുന്നതെന്ന് ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

• സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ ആണ് മരിച്ചത്. 72 വയസായിരുന്നു. ഛർദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആണ് പരിശോധന നടത്തുന്നത്.

• തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ അയോഗ്യനാക്കി. കേരള നിയമസഭ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. ജനുവരി 3ന് കോടതി വിധി വന്ന ദിവസം മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നു.

• അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി വെനസ്വേലയിൽ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനുപിന്നാലെ വെനസ്വേല താൽക്കാലിക പ്രസിഡന്റിനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

• നെല്ല് സംഭരണത്തിന് സഹകരണ — കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോ​ഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗം തീരുമാനിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0