ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു;സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ #Eranakulam


എറണാകുളം:രാജ്യത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. വൈകുന്നേരം 6.46 ഓടെ ശസ്ത്രക്രിയ പൂർത്തിയായത്. മാറ്റിവെച്ച ഹൃദയം ദുർഗയുടെ ശരീരത്തിൽ മിടിച്ച് തുടങ്ങി.

തുടർ ചികിത്സ സംബന്ധിച്ച തീരുമാനം വൈകാതെ അറിയിക്കുമെന്നും ദുർഗയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിൻ്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗ കാമിക്ക് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് സർക്കാരിൻ്റെ എയർ ആംബുലൻസ് വഴിയാണ് കൊച്ചിയിൽ എത്തിച്ചത്.

രാവിലെ 9.25 ഓടെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്.

പത്ത് മണിക്ക് തന്നെ ഷിബുവിന്‍റെ അവയവങ്ങൾ എടുക്കാനുള്ള ശസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞ് 2 മണിക്കൂറിലാണ് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറന്നുയർന്നത്.

ഉച്ചക്ക് 2.52 കൂടിയാണ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ജീവൻ്റെ തുടിപ്പുമായി ഹെലികോപ്ടർ പറന്നിറങ്ങിയത്. 2.57ന് ഷിബുവിൻ്റെ തുടിക്കുന്ന ഹൃദയവുമായി ആംബുലൻസ് ശരവേഗത്തിൽ ജനറൽ ആശുപത്രിയിലേക്ക്.

ആരോഗ്യ പ്രവർത്തകരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും പൊലീസുകാരുടെയും ആത്മധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ പ്രതിസന്ധികൾ വഴിമാറി. അതിവേഗം പാഞ്ഞ ആംബുലൻസ് മൂന്ന് മണിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0