മെസ്സിയെയും അർജന്റീനയെയും വരവേൽക്കാൻ കേരളം, കളി നടക്കുന്നത് കൊച്ചി സ്റ്റേഡിയത്തിൽ.. #MessiInKerala

എറണാകുളം :  കേരളത്തിലെത്തുന്ന ലോകകപ്പ് ജേതാക്കളായ അർജൻ്റീന ഫുട്ബോൾ ടീം കൊച്ചിയിൽ കളിക്കും. ലയണൽ മെസി അടക്കമുള്ള സംഘമാണ് വരുന്നത്. വിദഗ്‌ധ സമിതിയുടെ പരിശോധനയെ തുടർന്നാണ് വേദി നെഹ്റു സ്റ്റേഡിയമെന്ന് തീരുമാനിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് നേരത്തെ ആലോചിച്ചിരുന്നത്.

ക്രിക്കറ്റ് സ്‌റ്റേഡിയമായതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ ഫുട്ബോൾ മത്സരത്തിന് സജ്ജമാക്കുന്നത് എളുപ്പമല്ല. തുടർന്നാണ് ഐഎസ്എൽ മത്സരങ്ങൾ നടത്തുന്ന കൊച്ചിയെ കേരളം കാത്തിരിക്കുന്ന കളിക്കായി തെരഞ്ഞെടുത്തത്.

നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. ഓസ്ട്രേലിയ ആയിരിക്കും എതിരാളി. രണ്ട് കളി നടത്താനുള്ള ചർച്ചയാണ് നടക്കുന്നത്. അർജൻ്റീനക്കും ഓസ്ട്രേലിയക്കും പുറമെ ഒരു ടീം കൂടി കളിക്കാനുള്ള സാധ്യത ചർച്ച ചെയ്യുന്നു. കൊച്ചിയിലെ സ്‌റ്റേഡിയം മത്സരത്തിന് സജ്ജമാക്കാൻ ജിസിഡിഎയും സർക്കാരും ആലോചന നടക്കുന്നു.

2022 ഖത്തർ ലോകകപ്പിൽ അർജന്റീന ചാമ്പ്യൻമാരായതിന്‌ പിന്നാലെയാണ്‌ കേരള സന്ദർശനമെന്ന ആശയമുദിച്ചത്‌. കിരീടനേട്ടത്തിൽ ലോകമെങ്ങുമുള്ള ആരാധകർക്ക്‌ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ(എഎഫ്‌എ) നന്ദി അറിയിച്ചിരുന്നു. അതിൽ കേരളവും ഇടംപിടിച്ചു. സന്തോഷമറിയിച്ച്‌ കായികമന്ത്രി വി അബ്ദുറഹിമാൻ എഎഫ്‌എക്ക്‌ മെയിൽ സന്ദേശമയച്ചു. അതിനുള്ള മറുപടിയിലാണ്‌ കേരള സന്ദർശനത്തിനുള്ള സന്നദ്ധത അറിയിച്ചത്‌.

ഇച്ഛാശക്തിയോടെ സർക്കാരും വകുപ്പും മുന്നിട്ടിറങ്ങിയതോടെ സ്വപ്നം സാഫല്യമായി. സ്‌പോൺസറുടെ പിന്തുണയും പ്രധാനമായി. രണ്ടാംതവണയാണ്‌ മെസിയും അർജന്റീനയും ഇന്ത്യയിലേക്ക്‌ വരുന്നത്‌. 2011ൽ കൊൽക്കത്തയിൽ വെനസ്വേലയ്‌ക്കെതിരെ സ‍ൗഹൃദ മത്സരം കളിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0