കോഴിക്കോട് : വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.പുഷ്പവല്ലി(65)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. വടകര നഗരസഭ മുന്‍ കൗണ്‍സിലറാണ്.
ഇന്ന് വെള്ളിയാഴ്ച രാവിലെ 10.45-നായിരുന്നു അപകടം. മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു പുഷ്പവല്ലി. ഇതിനിടെയാണ് വടകര-പയ്യോളി റൂട്ടിലെ ഹരേറാം ബസ് ഇവരെ ഇടിച്ചിട്ടത്. നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയതോടെ പരിസരത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചു. ഇതോടെ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി. തുടര്‍ന്ന് സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ ബസ് തള്ളി മാറ്റിയാണ് പുഷ്പവല്ലിയെ പുറത്തെടുത്തത്. ഉടന്‍ വടകരയിലെ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.