ആലപ്പുഴ: കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി സംസ്ഥാനത്തെ സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ എല്ലാ ആഴ്ചയും പരാതിപ്പെട്ടി പരിശോധിച്ച് നടപടിയെടുക്കണം. കുട്ടികൾ പേരുകൾ സഹിതം പരാതി എഴുതേണ്ടതില്ല. നടപടി സർക്കാരിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ ചാരുംമൂട്ടിൽ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ് വിദ്യാർത്ഥിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സ്വന്തം കുടുംബത്തിൽ നിന്ന് കുട്ടിക്ക് ക്രൂരമായ മർദ്ദനം നേരിടേണ്ടി വന്നു. അച്ഛനിൽ നിന്നും രണ്ടാനമ്മയിൽ നിന്നും താൻ നേരിട്ട ബുദ്ധിമുട്ടുകൾ കുട്ടി ഒരു നോട്ട്ബുക്കിൽ എഴുതിയിരുന്നു. അത്തരം കുട്ടികൾക്ക് പലപ്പോഴും അവരുടെ പ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.