ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെ ആറ് പേർ മരിച്ചു. ചമ്പ ജില്ലയിലെ ടിസ്സയിലെ ചൻവാസിനടുത്താണ് അപകടം. സർക്കാർ സ്കൂൾ അധ്യാപകനും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. അവർ ബാനിഖേത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.പാറക്കല്ല് വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് 500 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം.
ആറുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ബാനിഖേത്തിൽ നിന്നുള്ള അധ്യാപകനായ രാജേഷ്, ഭാര്യ ഹാൻസോ (36), മകൻ ദീപക് (15), മകൾ ആരതി (17), സഹോദരീഭർത്താവ് ഹേംരാജ്, കാറിൽ ലിഫ്റ്റ് നൽകിയ മറ്റൊരാൾ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാത്രി 9:30 ഓടെയാണ് അപകടം. മൃതദേഹങ്ങൾ മലയിടുക്കിൽ നിന്ന് പുറത്തെടുക്കാൻ ഏകദേശം ആറ് മണിക്കൂർ എടുത്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.