മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പദ്ധതികളുടെ ഉദ്ഘാടനം നാളെ വനം മന്ത്രി നിർവഹിക്കും #latest_news
പേരാവൂർ: ആറളം വന്യജീവി ഡിവിഷനുകളിലെ മനുഷ്യ വന്യജീവി സംഘർഷം ഫലപ്രദമായി നേരിടുന്നതിന് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ മന്ത്രി എ കെ ശശീന്ദ്രൻ നാളെ വൈകീട്ട് 4.30 ന് നിർവഹിക്കും. കണ്ണൂർ, ആറളം ഫോറസ്റ്റ് ഡിവിഷനുകളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിക്കുക. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനാവും.
ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷം ആവർത്തിക്കപ്പെടുന്ന ആറളം, കൊട്ടിയൂർ, കേളകം, അയ്യൻകുന്ന്, മുഴക്കുന്ന്, കണിച്ചാർ, പയ്യാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ആദ്യ ഘട്ടമായി രൂപീകരിച്ച സന്നദ്ധ പ്രാഥമിക പ്രതികരണ (പി. ആർ. ടി.) സേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ സമാപനവും മിഷൻ ഫെൻസിംഗിന്റെ ഭാഗമായി കൊട്ടിയൂർ റേഞ്ചിലെ മണത്തണ, കീഴ്പ്പള്ളി സെക്ഷനുകളിൽ നബാർഡ് ട്രാഞ്ചെ 28- ൽ ഉൾപ്പെടുത്തി നിർമ്മിച്ച 6.3 കിലോമീറ്റർ തൂക്കുവേലി, വനം ജീവനക്കാരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കണ്ണവം, തളിപ്പറമ്പ് റെയ്‌ഞ്ചുകളിൽ നിർമ്മിച്ച ബാരക്കുകൾ എന്നിവയുടെ ഉദ്ഘാടനവും ആറളം പുനരധിവാസ മേഖലയിലേക്കുള്ള ആറളം വന്യജീവി ഡിവിഷൻ്റെ സഞ്ചരിക്കുന്ന വായനശാലയുടെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിക്കും.