ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഗവൺമെന്റ് വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിനിയായ വർഷിതയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 14-ാം തീയതിയാണ് വർഷിതയെ കാണാതായത്.
വെള്ളിയാഴ്ച ഹോസ്റ്റലിൽ നിന്ന് പോയ വർഷിത തിരിച്ചെത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ചിത്രദുർഗയിലെ റോഡരികിൽ മൃതദേഹം കണ്ടെത്തി.നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു.പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചതാണെന്നും പോലീസ് സംശയിക്കുന്നു.
പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ നടക്കുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഏറ്റുവാങ്ങാൻ പെൺകുട്ടിയുടെ ബന്ധുക്കൾ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.