ബസിൽ കണ്ടക്ടർക്കു നേരേ വധശ്രമം; പ്രതി അറസ്റ്റിൽ #Arrest
കണ്ണൂർ : സ്വകാര്യബസിൽ കണ്ടക്ടറെ വധിക്കാൻ ശ്രമിച്ച കേസിൽ യാത്രക്കാരൻ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഇരിക്കൂർ സ്വദേശി കെ ടി സാജിദിനെയാണ്(39) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് 7.10 ഓടെ താവക്കര സ്കൂളിനടുത്ത് ബസ് എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിട്ടി- കണ്ണൂർ റൂട്ടിലോടുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറായ കോളിത്തട്ട് സ്വദേശി കെ എം രജീഷ് കുമാറിനാണ്(28) മർദനമേറ്റത്. മട്ടന്നൂരിൽ നിന്നും ബസിൽ കയറിയ സാജിദ് ചാലോടേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. അവിടെ ഇറങ്ങാൻ പറഞ്ഞപ്പോൾ ഇറങ്ങാതെ ബസിൽ ഇരിക്കുകയായിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങാൻ പറഞ്ഞതാണ് മർദനത്തിന് കാരണമായി പരാതിയിൽ പറയുന്നത്.