ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനങ്ങളുടെ നായകൻ ജന്മനാട്ടിലേക്കുള്ള അവസാന യാത്ര തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്ത് നിന്ന് വിലാപയാത്ര പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വഴിയിലുടനീളം കാത്തുനിന്ന് ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വെെകി.
വിഎസിന്റെ മൃതദേഹം വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. ശക്തമായ മഴ പോലും അലഗണിച്ചാണ് ആയിരങ്ങൾ പ്രിയ നേതാവിനെ കാണാൻ എത്തുന്നത്. ഇന്നലെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് പുറപ്പെട്ട പ്രയാണം കഴക്കൂട്ടം വരെയുള്ള 14 കിലോമീറ്റർ താണ്ടാനെടുത്തത് അഞ്ചുമണിക്കൂർ.
ആറ്റിങ്ങൽ എത്തിയതോടെ ചിത്രമാകെ മാറി. പതിരാവിന്റെ മയക്കവും മറന്ന് ജനം തിളച്ചുമറിഞ്ഞു. വി.എസിനു ജനങ്ങൾ നൽകിയ സ്‌നേഹാദരങ്ങളുടെ നേർക്കാഴ്ചയായി ആലപ്പുഴയിലേക്കു പുറപ്പെട്ട വിലാപയാത്ര.പാതയോരത്തും ഫ്ളൈഓവറിനു മുകളിലുമൊക്കെയായി വിപ്ളവസൂര്യനെ ഒരുനോക്കു കാണാൻ രൂപപ്പെട്ട മനുഷ്യക്കോട്ട നീണ്ടുനീണ്ടുപോയി. രാത്രി വൈകിയും ഓരോ പോയിന്റിലും കാത്തുനിന്നത് വൻ ജനക്കൂട്ടം.
തലസ്ഥാന ജില്ലയും വിട്ട് കൊല്ലം അതിർത്തി കടന്നതോടെ നിയന്ത്രിക്കാൻ കഴിയാത്ത വിധമായിരുന്നു ജനപ്രവാഹം. കണ്ണും കരളുമായ വി.എസിന്റെ വിലാപയാത്രയെ കാൽനടയായി അനുഗമിക്കാൻ അണിനിരന്നതും ആയിരങ്ങൾ. വിഎസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും
പ്രിയ സഖാവിനെ നെഞ്ചിലേറ്റി നാട്; വിലാപയാത്ര മണിക്കൂറുകൾ പിന്നിട്ടു, വഴിനീളെ ആയിരങ്ങൾ #VS Achuthanadan
By
Editor
on
ജൂലൈ 23, 2025