തൃശൂർ : കെപിസിസി സെക്രട്ടറി എം പി ജാക്സൻ ചെയർമാനായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെതിരെ റിസർബ് ബാങ്കിന്റെ കർശന നടപടി. ആർബിഐ നിബന്ധനകൾ ലംഘിച്ച് മൂലധനം സംരക്ഷിക്കാതെ വഴിവിട്ട വായ്പകൾ നൽകിയുണ്ടാക്കിയ ഗുരുതര സാമ്പത്തിക കെടുകാര്യസ്ഥതയാണ് കർശന നടപടിയിലേക്ക് വഴി തുറന്നത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോർഡുമായും മാനേജ്‌മെന്റുമായും ഇടപെട്ടിട്ടും പ്രശ്നങ്ങൾ പരിഹരിച്ചില്ല. തുടർന്നാണ് 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35 എ, 56 പ്രകാരമുള്ള നടപടിയിലേക്ക് കടന്നതെന്ന് ആർബിഐ അറിയിപ്പിൽ പറയുന്നു. നടപടി ജൂലൈ 30 മുതൽ പ്രാബല്യത്തിൽ വന്നു.
ഉത്തരവ് പ്രകാരം ആർബിഐയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി വാങ്ങാതെ ഇനി ബാങ്കിന് പുതിയ വായ്പ അനുവദിക്കാനോ പുതുക്കാനോ നിക്ഷേപങ്ങൾ നടത്താനോ സാധിക്കില്ല. പണം കടം വാങ്ങാനോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ പാടില്ല. ചെലവുകൾ നടത്താൻ പാടില്ല. സ്വത്തുക്കളോ ആസ്തികളോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. നിക്ഷേപകർക്ക് സേവിംഗ്സ് ബാങ്കിലോ കറന്റ് അക്കൗണ്ടിലോ മറ്റേതെങ്കിലും അക്കൗണ്ടിലോ ഉള്ള മൊത്തം സംഖ്യയിൽ നിന്ന് 10,000 രൂപ മാത്രമാണ് പിൻവലിക്കാൻ അനുമതി.