'കാഞ്ചീവരം'ത്തിന്റെ പേരിൽ തട്ടിപ്പ്, നിരവധി പേർക്ക് പണം നഷ്ടമായി, പരാതി നൽകി നടി ആര്യ #Flash_News
കൊച്ചി: കാഞ്ചീവരം എന്ന പേരിലുള്ള തന്റെ ബുട്ടീക്കിന്റെ വ്യാജ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ച് വ്യാജ ക്യൂആർ കോഡും വീഡിയോയും നിർമിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നടി ആര്യ. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചും അതേ വീഡിയോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചുമാണ് തട്ടിപ്പ്. പതിനായിരത്തിലധികം വിലയുള്ള സാരികൾക്ക് ആയിരമോ രണ്ടായിരമോ വില പ്രദർശിപ്പിച്ചാണ് തട്ടിപ്പ്. ഇതോടെ കൂടുതൽ പേർ തട്ടിപ്പിനിരയായതായാണ് വിവരമെന്നും നടി ആര്യ പറഞ്ഞു.
ഇക്കഴിഞ്ഞ മെയ്മാസത്തിലാണ് എന്റെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം എന്ന പേരിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജ് വഴി സാരികൾ വാങ്ങാൻ ശ്രമിച്ചവർക്ക് പണം നഷ്ടമായതായുള്ള വിവരങ്ങൾ ലഭിച്ചത്. പലരും സാരികൾക്ക് വീഡിയോയിൽ കണ്ടിട്ടുള്ള നമ്പറിൽ ഓർഡർ നൽകും. ഇതോടെ പിന്നാലെ പണം അയക്കുന്നതിനായി അവർക്ക് ക്യൂആർ കോഡും അയച്ചു നൽകും. പണം അയച്ചാൽ ഉടൻ തന്നെ ഈ നമ്പർ ബ്ലോക്ക് ചെയ്യും. പിന്നീട് വസ്ത്രം ലഭിക്കേണ്ട തീയതി കഴിഞ്ഞതോടെയാണ് പലരും തട്ടിപ്പിനിരയായ വിവരം അറിയുന്നതും തന്നെ ബന്ധപ്പെട്ടതും- ആര്യ പറഞ്ഞു.
പോലീസും സൈബർസെല്ലുമായി ബന്ധപ്പെട്ടങ്കിലും ഉത്തരേന്ത്യൻ സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്നും അതുകൊണ്ട് തന്നെ അവർക്ക് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നുമാണ് പറഞ്ഞത്. ഞങ്ങളുടേതായ രീതിയിൽ കസ്റ്റമേഴ്സിനെ ബോധവത്കരിക്കാനാണ് പോലീസ് പറഞ്ഞത്. തുടർന്ന് ഇത് സംബന്ധിച്ച് ഇൻസ്റ്റഗ്രാം പേജിൽ ഒരു വീഡിയോ ചെയ്ത് പോസ്റ്റ്ചെയ്യുകയും ചെയ്തിരുന്നു. ഞങ്ങളുടെ സാരിയെക്കാൾ വില ഒരുപാട് കുറച്ചാണ് അവരുടെ വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർക്കുന്നത്. ഇതോടെയാണ് കൂടുതൽ ആൾക്കാർ തട്ടിപ്പിന് ഇരയാകുന്നത് ആര്യ വ്യക്തമാക്കി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.