രാജ്യത്തെ ശുചിത്വ നഗരം; തുടർച്ചയായ എട്ടാം തവണയും നേട്ടം സ്വന്തമാക്കി ഇന്ദോർ #Swachh_survekshan
ന്യൂഡല്‍ഹി: ശുചിത്വ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോറിനെ വീണ്ടും തിരഞ്ഞെടുത്തു. 'സ്വച്ച് സര്‍വേക്ഷന്‍' എന്ന പേരിലുള്ള വാര്‍ഷിക സര്‍വേയില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ദോര്‍ മികച്ച ശുചിത്വ നഗരമായി മാറുന്നത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബൈയും തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മൂന്ന് മുതല്‍ പത്തുലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ നോയിഡ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന സ്ഥാനം സ്വന്തമാക്കി. ചണ്ഡീഗഢ്, മൈസൂര്‍ എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഇത്തവണത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി ഇന്ദോറിനെ തിരഞ്ഞെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദോര്‍ വീണ്ടും ദേശീയ അംഗീകാരം നേടുന്നത്.