'ഹൃദയ'പൂർവം ആലപ്പുഴ മെഡിക്കൽ കോളേജ് #Alappuzha_Medical_College
By
Open Source Publishing Network
on
ജൂലൈ 17, 2025
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ അത്യപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയായ 66 വയസ്സുകാരൻ രണദേവിനാണ് വിശദമായ പരിശോധനയ്ക്കൊടുവിൽ രക്തധമനിക്ക് സമീപത്തായി വീക്കം കണ്ടെത്തിയത്.
ശബ്ദ വ്യത്യാസത്തെ തുടർന്ന് ഇഎൻടി ഒപിയിൽ നിന്ന് വന്ന രോഗിയെ വിശദമായ പരിശോധന നടത്തി. തുടർന്ന് നെഞ്ചിൻ്റെ സിടി സ്കാനിൽ ഹൃദയത്തിൽ നിന്നും ശുദ്ധ രക്തം വഹിച്ചു കൊണ്ടു പോകുന്ന മഹാധമനിയിൽ നിന്നും തലച്ചോറിലേക്കുള്ള രക്തം വഹിക്കുന്ന രക്തധമനിക്ക് സമീപത്തായി ( Aortic Arch Aneurysm) വീക്കം കണ്ടെത്തി. തുടർ ചികിത്സക്കായി ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേക്ക് രോഗിയെ മാറ്റുകയും സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു. എക്കോ, സിടി ആൻജിയോഗ്രാം പോലുള്ള വിദഗ്ധ പരിശോധനകൾക്ക് ശേഷം സർജറി നിശ്ചയിക്കുകയായിരുന്നു. ഇതിനാവശ്യമായ വിലപിടിപ്പുള്ള സർജറി ഉപകരണങ്ങൾക്കായി സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ സുരക്ഷാ പദ്ധതിയിലും (KASP) ഉൾപ്പെടുത്തി. രോഗിയുടെയും, രോഗ സാഹചര്യത്തിൻ്റെയും തീവ്രത മനസ്സിലാക്കിക്കൊണ്ട് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഹരികുമാറിൻ്റെയും, കെഎഎസ്പി ജീവനക്കാരുടെയും അടിയന്തര ഇടപെടൽ മൂലം ഉടനെ തന്നെ ഈ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തു.
ഓപ്പറേഷനു വേണ്ടി വീണ്ടും അഡ്മിറ്റാവുകയും ജൂൺ മാസം 30 തിയതി 10 മണിക്കൂറോളം ദൈർഘ്യമേറിയ അതിസങ്കീർണ്ണമായ സർജറിക്ക് വിധേയമാക്കി. മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാൽ, ഹൃദയത്തിൻ്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിയതിന് ശേഷം ഹാർട്ട് ലങ് മെഷീനീൻ്റെ സഹായത്താൽ, തലച്ചോറിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും ശരീര ഊഷ്മാവ് കുറച്ച് കൊണ്ട് നിയന്ത്രിതമായ രീതിയിൽ തടസ്സമില്ലാതെ രക്തചംക്രമണ സാധ്യമാക്കുക എന്നതായിരുന്നു ഈ ശസ്ത്രക്രിയയിൽ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഏകദേശം 4 മണിക്കൂറോളം ഇതെല്ലാം കൃത്യമായ രീതിയിൽ ഹാർട്ട് ലങ് മെഷിൻ്റെ സഹായത്തോടെ സാധ്യമാക്കുകയും, വീക്കം വന്ന ഭാഗം നീക്കം ചെയ്ത് ക്രത്രിമ രക്തധമനി വച്ചു പിടിപ്പിക്കുകയും ചെയ്തു.
10 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷം, 48 മണിക്കൂർ വെൻ്റിലേറ്ററിൽ തീവ്ര പരിചരണ വിഭാഗത്തിൽ (CTVS ICU) ൽ കഴിഞ്ഞതിനു ശേഷം പൂർണബോധം തിരിച്ചു വന്നു. തുടർന്ന് രോഗിയെ വെൻ്റിലേറ്ററിൻ്റെ സഹായത്തിൽ നിന്നും പൂർണമായി മാറ്റുകയും, 5 ദിവസത്തെ തീവ്ര പരിചരണത്തിനു ശേഷം രോഗിയെ വാർഡിലേക്ക മാറ്റി, ഇന്നലെ രോഗി ആരോഗ്യവാനായി ആശുപത്രി വിടുകയും ചെയ്തു.
ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ഈ അപൂർവ്വ രോഗാവസ്ഥക്ക് സ്വകാര്യ ആശുപത്രികളിൽ ഏകദേശം 15 ലക്ഷത്തോളം ചിലവു വരുന്ന ഈ ശസ്ത്രക്രിയ സർക്കാരിൻ്റെ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം തികച്ചും സൗജന്യമായാണ് നടത്തിയത്.
ഈ കഴിഞ്ഞ മെയ് മാസത്തിലും ആലപ്പുഴ മെഡിക്കൽ കോളേജിൽ 13 വയസ്സുകാരിയുടെ ശസ്ത്രക്രിയ വിജയകരയായി പൂർത്തിയാക്കിയിരുന്നു.