വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി #flash_news

 
 

 


 സ്‌ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിലെ പ്രതിയായ ഭർത്താവ് കിരൺകുമാറിന് ജാമ്യം. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു കാണിച്ച് കിരണ്‍കുമാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനം എടുക്കും വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചത്.രണ്ട് വർഷമായിട്ടും ഹൈക്കോടതി ഹർജിയിൽ തീരുമാനമായില്ലായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ബിഎഎംഎസ്‌ വിദ്യാർഥി വിസ്‌മയയെ ഭർത്താവും അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാറിന്റെ വീട്ടിൽ 2021 ജൂൺ 21നാണ്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. 100 പവൻ സ്വർണം, ഒരേക്കർ വസ്‌തു, 12 ലക്ഷം രൂപയുടെ ടയോട്ട യാരിസ്‌ കാർ എന്നിവയാണ്‌ വിസ്‌മയയ്ക്ക് സ്ത്രീധനമായി നൽകിയത്‌. ആറുമാസം തികയും മുമ്പ്‌ കാർ മോശമാണെന്നും മറ്റൊന്നു വാങ്ങാൻ 10 ലക്ഷം നൽകണമെന്നും വിസ്‌മയയുടെ അച്ഛനമ്മമാരോട്‌ കിരൺ ആവശ്യപ്പെട്ടത്.

കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാർ നിലവിൽ പരോളിലാണ്. ആത്മഹത്യപ്രേരണക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ വാദം. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കും വരെ കിരൺ കുമാറിന് ജാമ്യത്തിൽ തുടരാം. അവസാനഘട്ടത്തിലും സംസ്ഥാന സർക്കാർ ഹർജിയെ ശക്തമായി എതിർത്തിരുന്നു.

പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലായെന്നും പ്രതി ഹർജിയിൽ ആരോപിച്ചിരുന്നു. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

സാക്ഷികളില്ലാത്ത കേസിൽ ശാസ്‌ത്രീയ തെളിവുകളായിരുന്നു ആശ്രയം. കിടപ്പുമുറിയിലുണ്ടായിരുന്ന വസ്‌തുക്കൾ, അടയാളങ്ങൾ, ഫോൺ സംഭാഷണങ്ങൾ, വാട്‌സാപ് സന്ദേശങ്ങൾ, ജൂൺ 21നു പുലർച്ചെ വിസ്‌മയയെ എത്തിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 120 രേഖയും 12 തൊണ്ടിമുതലും ഹാജരാക്കിയ പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0