ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 ജൂലൈ 2025 | #NewsHeadlines

• പതിനായിരങ്ങളെ സാക്ഷിയാക്കി വി എസ് എന്ന ചുവന്ന നക്ഷത്രത്തിന് അന്ത്യാഞ്ജലി. പെരുമഴയെ തോൽപ്പിച്ച്, തിമിർത്ത് പെയ്ത ജനക്കൂട്ടത്തെ സാക്ഷിയാക്കി വലിയ ചുടുകാട്ടിലെ പ്രിയസഖാകൾക്കൊപ്പം ചേർന്നു.

• തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപ്പട്ടിക പുതുക്കാനുള്ള കരട്‌ പട്ടിക പ്രസിദ്ധീകരിച്ചു. 1034 തദ്ദേശസ്ഥാപനങ്ങളിലെ 20,998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണുള്ളത്. ഇതിൽ 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്‌ജെൻഡറുമാണ്. ആഗസ്ത് ഏഴുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം.

•  ജോലിചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസത്തിനായി വനിത, ശിശു വികസന വകുപ്പ് പുതുതായി 10 ഹോസ്റ്റലുകൾ ആരംഭിക്കുന്നു. ആറ് ഹോസ്റ്റലുകളുടെ നിർമാണത്തിന് വർക്ക് ഓർഡർ നൽകി. മറ്റുള്ളവയുടെ വർക്ക് ഓർഡർ ഉടൻ നൽകും. 633 ബെഡ്ഡുകളുള്ള ഹോസ്റ്റലാണ് പരി​ഗണനയിൽ.

• കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ ഇന്ത്യക്കാരനെ കൂട്ടം ചേർന്ന് ആക്രമിച്ച് നഗ്നനാക്കി വഴിയിലുപേക്ഷിച്ചതായി റിപ്പോർട്ട്. തലസ്ഥാന നഗരമായ ഡബ്ലിന് സമീപത്തുള്ള ടാലറ്റില്‍ ആണ് നാല്‍പതുകാരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.

• ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണിങ് കൂട്ടുകെട്ടില്‍ കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് 94 റണ്‍സ് നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

• പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വരുന്ന തിങ്കളാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും.

• അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തിന് മൃതദേഹങ്ങള്‍ മാറിനല്‍കിയെന്ന് പരാതി. ഇതോടെ സംസ്കാര ചടങ്ങുകള്‍ മാറ്റിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മൃതദേഹ പേടകത്തില്‍ രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

• നിപ രോഗ സാഹചര്യത്തിൽ മൂന്ന് വവ്വാലുകളുടെ ജഡം പരിശോധനക്കായി ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രണ്ടു പേർക്കാണ് നിലവില്‍ പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്.

• പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0