തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപട്ടിക: കണ്ണൂരിൽ 19,81,739 വോട്ടർമാർ #Election
By
Editor
on
ജൂലൈ 23, 2025
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ളവോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചപ്പോൾ കണ്ണൂർ ജില്ലയിൽ 19,81,739 വോട്ടർമാർ. സ്ത്രീകൾ-10,66,319 പുരുഷൻമാർ-9,15,410 ട്രാൻസ്‌ജെൻഡർ-10 എന്നിങ്ങനെയാണ് ജില്ലയിലെ കണക്ക്. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് കരട് വോട്ടർപട്ടികയിൽ1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണുള്ളത്. 1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്‌ജെൻഡറും.
2024ൽ സമ്മറി റിവിഷൻ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേയ്ക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് ഏഴ് വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.
വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫോറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ.
അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.