കൊച്ചി സിറ്റി സൈബർ പോലീസ് സംഘം പിടികൂടിയ എംപരിവാഹൻ തട്ടിപ്പുസംഘം റിമാൻഡിൽ. വാരാണസി ശിവപുരിൽനിന്ന് പിടികൂടിയ അതുൽകുമാർ സിങ് (32), മനീഷ് സിങ് (24) എന്നിവരെ കൊച്ചിയിലെത്തിച്ച ശേഷം മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിപ്പിന്റെ സൂത്രധാരനായ മൂന്നാം പ്രതിക്ക് 16 വയസ്സ് മാത്രം. ഇയാളാണ് എപികെ ഫയൽ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത്. ഇയാളോട് 10 ദിവസത്തിനകം കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളുമായി മാതാപിതാക്കൾക്കൊപ്പം സൈബർ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഹാജരാകാത്തപക്ഷം ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ റിപ്പോർട്ട് നൽകാനാണ് പോലീസിന്റെ നീക്കം.
കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അന്വേഷണം സൈബർ പോലീസിനു കൈമാറുകയായിരുന്നു. തുടർന്ന് ഐപി വിലാസവും ഫോൺ നമ്പരുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ വാരാണസിയിലാണെന്ന് മനസ്സിലാക്കി. തുടർന്ന് 10-ന് പ്രത്യേക പോലീസ് സംഘം വാരാണസിയിലേക്ക് തിരിച്ചു. പ്രതികളുമായി 21-ന് രാത്രിയാണ് തിരിച്ചെത്തിയത്. വാരാണസി പോലീസിന്റെ നിസ്സഹകരണത്തെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ യുപിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് പ്രതികളുടെ അറസ്റ്റ് സാധ്യമായത്.
ശിവപുരിലെ വീട്ടിൽനിന്ന് പ്രതി മനീഷിനെയും അതിനു സമീപത്തുനിന്നുതന്നെ അതുലിനെയും പിടികൂടി. പ്രദേശവാസികളുടെ നേരിയ ചെറുത്തുനിൽപ്പുമുണ്ടായി. യുപി സ്വദേശിയായ ഒരു പോലീസുകാരൻ മാത്രമാണ് കൊച്ചി സംഘത്തിനൊപ്പമുണ്ടായത്. പ്രതികളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇവരുടെ വീടുകളിൽ വിശദമായ പരിശോധന സാധ്യമായില്ല.
പ്രതികളുടെ പക്കൽനിന്ന് രണ്ടുമാസങ്ങളിലായി ശേഖരിച്ച 2,700-ഓളം വാഹനങ്ങളുടെ നമ്പറും ഉടമകളുടെ ഫോൺനമ്പർ വിവരങ്ങളും കണ്ടെത്തി. കൂടാതെ എംപരിവാഹൻ ആപ്ലിക്കേഷൻ വഴി പ്രതികൾ ശേഖരിച്ച വിവിധ വ്യക്തികളുടെ യുപിഐ പിൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും കണ്ടെത്തി. ഹണി ട്രാപ്പ്, കെവൈസി അപ്‌ഡേഷൻ തുടങ്ങിയ തട്ടിപ്പുകൾ നടത്തുന്നതിനുള്ള വിവിധ ആപ്ലിക്കേഷനുകളും കണ്ടെത്തി. സൈബർ ഇൻസ്പെക്ടർ ഷമീർഖാൻ, എസ്‌സിപിഒമാരായ അരുൺ ആർ., അജിത്ത് രാജ് പി., നിഖിൽ ജോർജ്, സിപിഒമാരായ ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എംപരിവാഹൻ തട്ടിപ്പ്; 16-കാരൻ മുഖ്യ സൂത്രധാരൻ #m_Parivahan
By
Editor
on
ജൂലൈ 23, 2025