മെഡിക്കൽ കോളേജ് ആരോപണം: അന്വേഷണത്തിന് നാലംഗ സമിതി #MedicalCollege_Thiruvananthapuram
By
Open Source Publishing Network
on
ജൂൺ 30, 2025
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോപണം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്. യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവുമൂലം ശസ്‌ത്രക്രിയകൾ മുടങ്ങിയെന്ന വകുപ്പ് മേധാവി ഹാരിസ് ചിറക്കലിന്റെ ആരോപണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ് ഗോമതി, കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. എ ടി രാജീവൻ എന്നിവർ ഉൾപ്പെടുന്ന സമിതി ഉപകരണങ്ങളുടെ ലഭ്യത, ശസ്‌ത്രക്രിയ തുടങ്ങിയവയുടെ സ്ഥിതി പരിശോധിക്കും.
ശസ്‌ത്രക്രിയക്കുള്ള പ്രോബ് ഉപകരണത്തിന്റെ വിലവർധനയിൽ കമ്പനിയോട് ആശുപത്രി വിശദീകരണം തേടിയിരുന്നു. 41,300 രൂപയ്‌ക്കാണ് നേരത്തേ വാങ്ങിയിരുന്നത്. നിലവിലത് 44,150 രൂപയായി. യൂറോളജി വിഭാഗത്തിൽ ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞ സാമ്പത്തിക വർഷം 67 ലക്ഷം രൂപ നൽകിയിരുന്നു. സർക്കാർ അനുവദിച്ച 37 ലക്ഷം രൂപയും ആശുപത്രി വികസന സമിതി വഴി ചെലവഴിച്ച 30 ലക്ഷവും ഉൾപ്പെടെയാണിത്. കിഫ്ബി വഴി രണ്ടരക്കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ നടപടിക്രമം പുരോഗമിക്കുന്നു. കഴിഞ്ഞവർഷം യൂറോളജി വിഭാഗത്തിൽ 2898 ശസ്‌ത്രക്രിയ നടന്നു; 2025 മെയ് 31വരെ 1327 എന്നിങ്ങനെയാണ് കണക്കുകൾ.