മുംബൈ: ജീവനുള്ള പാമ്പുകളുമായി എത്തിയ യുവാവ് മുംബൈയിൽ പിടിയിൽ. 16 ജീവനുള്ള പാമ്പുകളെയാണ് യുവാവിന്റെ കൈയ്യിൽ നിന്ന് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നാണ് പാമ്പുകളുമായി എത്തിച്ചതെന്ന് പ്രതി മൊഴി നൽകി. ഈ മാസം ഇത്തരത്തിലുള്ള മൂന്നാമത്തെ കേസാണിത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടികൂടിയവയിൽ ഗാർട്ടർ പാമ്പുകൾ, റൈനോ റാറ്റ് പാമ്പ്, കെനിയൻ സാൻഡ് ബോവ എന്നിവ ഉൾപ്പെടുന്നു. ജൂൺ ആദ്യം തായ്‌ലൻഡിൽ നിന്ന് വിഷപ്പാമ്പുകളുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മൂന്നര വർഷത്തിനിടെ തായ്‌ലൻഡ്-ഇന്ത്യ വ്യോമപാതയിൽ ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 7,000-ത്തിലധികം മൃഗങ്ങളെ പിടികൂടിയതായി കസ്റ്റംസ് പറയുന്നു.